Kerala

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; വയോധികനെ കുടുക്കിയത് അതിനാടകീയമായി: 30 ലക്ഷം തട്ടിയെടുത്ത കേസില്‍ രണ്ട് പേർ പിടിയിൽ

ആധാര്‍ കാര്‍ഡുപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചെന്ന് ഭീഷണിപ്പെടുത്തി വയോധികനെ വിര്‍ച്വല്‍ അറസ്റ്റ് ചെയ്ത് 30 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കള്‍ പിടിയില്‍. കൊണ്ടോട്ടി മേലങ്ങാടി പാണ്ടികശാല വീട്ടില്‍ ഫയീസ് ഫവാദ് (21), മോങ്കം പൂളക്കുന്നന്‍ വീട്ടില്‍ അസിമുല്‍ മുജസ്സീന്‍ (21) എന്നിവരെയാണ് എറണാകുളം സൗത്ത് പോലീസ് പിടികൂടിയത്. കഴിഞ്ഞ നവംബറിലാണ് തട്ടിപ്പ് നടത്തിയത്. പനമ്പിള്ളി നഗര്‍ സ്വദേശിയായ 80- കാരന്റെ പരാതിയിലാണ് നടപടി.

പരാതിക്കാരൻ്റെ കാര്‍ ബെംഗളൂരുവില്‍ അപകടമുണ്ടാക്കിയെന്നും ബെംഗളൂരു പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് സംഘം ഫോണ്‍ വിളിച്ചത്. പോലീസ് യൂണിഫോമിലെത്തിയ തട്ടിപ്പ് സംഘാംഗമാണ് ആദ്യം ഫോണ്‍ വിളിച്ചത്. ബെംഗളൂരുവില്‍ ഉടന്‍ എത്താനും നിര്‍ദേശിച്ചു. മാത്രമല്ല, ഡല്‍ഹിയില്‍ അറസ്റ്റിലായ സദാഖാന്‍ എന്നയാള്‍ പരാതിക്കാരന്റെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മൂന്നുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായും തട്ടിപ്പ് സംഘം വെളിപ്പെടുത്തി.

ഇതിന് സഹായം ആവശ്യപ്പെട്ട പരാതിക്കാരനെ സിബിഐ, ഇഡി ഉദ്യോഗസ്ഥരാണെന്ന വ്യാജേന തട്ടിപ്പ് സംഘാംഗങ്ങള്‍ വീണ്ടും ബന്ധപ്പെട്ടു. സുപ്രീം ജുഡീഷ്യല്‍ അതോറിറ്റി അക്കൗണ്ടിലേക്ക് എന്ന പേരില്‍ ജയപ്രകാശ് എന്നയാളുടെ ജയ്പൂരുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ആദ്യം നാലുലക്ഷം രൂപ നിക്ഷേപിപ്പിച്ചു. പിന്നീട് പല തവണയായി മൊത്തം 30 ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തു.

പരാതിക്കാരന്റെയും ഭാര്യയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടില്‍നിന്നുള്ള തുകയും പ്രതികള്‍ കൈവശപ്പെടുത്തി. നവംബര്‍ 22 മുതല്‍ 27 വരെയുള്ള ദിവസങ്ങളിലായി ബാങ്ക് അക്കൗണ്ട് ട്രാന്‍സ്ഫര്‍ വഴിയും ആര്‍ടിജിഎസ് വഴിയുമാണ് പ്രതികള്‍ പണം കൈക്കലാക്കിയത്. ജയ്പൂര്‍, പുണെ, ജമ്മു എന്നിവിടങ്ങളിലെ ബാങ്കുകളിലേക്കാണ് പണം എത്തിയത്.

തുടര്‍ന്ന് ഡിസംബറിലാണ് 80-കാരന്‍ പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. അന്വേഷണത്തില്‍ വിര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ് സംഘമാണെന്ന് ബോധ്യമായി. ഫോണ്‍, ബാങ്ക് അക്കൗണ്ട് എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button