Kerala
കാൻസർ രോഗിയെ കെട്ടിയിട്ട് കവർച്ച നടത്തിയ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

ഇടുക്കി അടിമാലിയിൽ കാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് പോലീസ്. ഇടുക്കി ഡിവൈഎസ്പിയുടെ കീഴിൽ പത്തംഗ സംഘം ഇന്ന് മുതൽ അന്വേഷണം തുടങ്ങും. വീട്ടിൽ നിന്ന് കിട്ടിയ വിരലടയാളത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വിപുലീകരിച്ചു.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. വ്യാഴാഴ്ചയാണ് കാൻസർ രോഗിയായ വിവേകാനന്ദ നഗർ കളരിക്കൽ ഉഷ സന്തോഷിനെ കെട്ടിയിട്ട് മോഷണം നടത്തിയത്. കീമോ തെറാപ്പി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു ഉഷ. ചികിത്സക്കായി കരുതിയ 16,500 രൂപയാണ് കവർന്നത്
വർഷങ്ങളായി ചികിത്സ തുടരുന്ന ഉഷ സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്നയാളാണ്. സുമനസ്സുകൾ ചേർന്നാണ് ഇവർക്ക് ചികിത്സക്കാവശ്യമായ പണം പിരിച്ചുനൽകുന്നത്. ഈ തുകയടക്കമാണ് മോഷ്ടാവ് കവർന്നത്.