Kerala

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം: കൊല്ലപ്പെട്ടത് ഷംജാദ്

തൃശൂര്‍: റെയില്‍വേ സ്റ്റേഷനില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ വിശദമായ അന്വേഷണം തുടങ്ങി പൊലീസ്. 20–ാം തീയതിയാണ് ലോറി ഡ്രൈവറായ കല്ലൂര്‍ സ്വദേശി ഷംജാദിനെ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്റെ രണ്ടാം കവാടത്തിനരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 45 കാരനായ ഷംജാദിന്റെ ശരീരത്തില്‍ കണ്ട പാടുകള്‍ മര്‍ദ്ദനമേറ്റതിന്റേതാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.

18-ാം വയസില്‍ ഡ്രൈവറായി തൊഴില്‍ രംഗത്തിറങ്ങിയ ഷംജാദ് വിദേശത്തുനിന്നും എത്തിയശേഷം കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ലോറി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. തൃശൂരില്‍ നിന്നും ലോറിയില്‍ ചരക്കെടുക്കാന്‍ വേണ്ടിയാണ് എത്തിയത്. അന്യ സംസ്ഥാനങ്ങളിലേക്കും പലപ്പോഴും ലോഡുമായി പോകുന്നത് കൊണ്ട് ദിവസങ്ങള്‍ കഴിഞ്ഞാണ് നാട്ടില്‍ എത്തുക. ഒരു വര്‍ഷമായി ഭാര്യയുമായി വേര്‍പിരിഞ്ഞ് കഴിയുന്ന ഇയാള്‍ സ്വന്തം വീട്ടിലേക്ക് വല്ലപ്പോഴും മാത്രമേ എത്താറുള്ളൂവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

നടപ്പാതയോട് ചേര്‍ന്നുള്ള മതിലിനുള്ളില്‍ റെയില്‍വേയുടെ ചെറിയ കാനയിലാണ് ഷംജാദിന്റെ മൃതദേഹം രണ്ട് ദിവസം മുമ്പ് കണ്ടെത്തിയത്. തലകുത്തി നില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. നെറ്റിയിലും തലയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മുറിവുകള്‍ ഉണ്ടായിരുന്നു. ശരീരത്തില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. യുവാവ് കൊല്ലപ്പെട്ടതാണെന്ന സംശയത്തില്‍ പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു.

ശരീരത്തില്‍ വിവിധ ഭാഗങ്ങളില്‍ കണ്ട മുറിവുകള്‍ മര്‍ദനത്തില്‍ പറ്റിയതാണെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വിരലാടയള വിദഗ്ധരും ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗത്തില്‍ ശനിയാഴ്ച രാവിലെ 10 മുതല്‍ ആരംഭിച്ച പോസ്റ്റുമോര്‍ട്ടം രണ്ടര വരെ നീണ്ടു. തൃശൂര്‍ എ.സി.പി. സലീഷ് ശങ്കരന്‍, വെസ്റ്റ് എസ്.എച്ച്.ഒ. ലാല്‍ കുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു. പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button