സിപിഎമ്മുമായി അകൽച്ച തുടരുന്നതിനിടെ മുൻ എംഎൽഎ ഐഷ പോറ്റി ഇന്ന് കോൺഗ്രസ് വേദിയിൽ

സിപിഎമ്മുമായി അകൽച്ചയിലായ കൊട്ടാരക്കര മുൻ എംഎൽഎ പി.ഐഷ പോറ്റി കോൺഗ്രസ് വേദിയിലേക്ക്. കോൺഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കും. ഇന്ന് കലയപുരം ആശ്രയ സങ്കേതത്തിൽ സംഘടിപ്പിക്കുന്ന പരിപാടി കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ഉദ്ഘാടനം ചെയ്യുന്നത്.
സിപിഎമ്മുമായി അകൽച്ചയിലുള്ള ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കോൺഗ്രസ് വേദിയിലേക്ക് എത്തുന്നത്. യോഗത്തിൽ അനുസ്മരണ പ്രഭാഷണമാണ് ഐഷ പോറ്റി നിർവഹിക്കുക. ചാണ്ടി ഉമ്മൻ എംഎൽഎയും പരിപാടിയിൽ പങ്കെടുക്കും.
സിപിഎം നേതൃത്വവുമായി അകൽച്ച പാലിച്ച ഐഷ പോറ്റി ഇക്കഴിഞ്ഞ ജില്ലാ സമ്മേളനത്തിലും പങ്കെടുത്തിരുന്നില്ല. പിന്നാലെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയിരുന്നു. നിലവിൽ സിപിഎമ്മിന്റെ ഒരു ഘടകത്തിലുമില്ല.
The post സിപിഎമ്മുമായി അകൽച്ച തുടരുന്നതിനിടെ മുൻ എംഎൽഎ ഐഷ പോറ്റി ഇന്ന് കോൺഗ്രസ് വേദിയിൽ appeared first on Metro Journal Online.