WORLD

ഗൂഗിളില്‍ ഒരു ജോലിയാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്നാല്‍ ഈ ഗുണങ്ങള്‍ നിങ്ങള്‍ക്കുണ്ടാവണം സിഇഒ സുന്ദര്‍ പിച്ചൈ പറഞ്ഞത്…

കാലിഫോര്‍ണിയ: ലോകം മുഴുവനുമുള്ള മികച്ച പ്രതിഭകളെ ആകര്‍ഷിക്കുന്നതില്‍ മുന്നിട്ടു നില്‍ക്കുന്ന സ്ഥാപനമായ ഗൂഗിളില്‍ ഒരു ജോലി എന്നത് മിക്ക പ്രഫഷണലുകളുടെയും ഒരു സ്വപ്‌നമാണ്. എന്നാല്‍ ആ സ്വപ്‌നത്തിലേക്ക് എങ്ങനെ നടന്നു കയറാമെന്ന് പലര്‍ക്കും അറിയില്ല. കഴിവ് മാത്രം പോരാ, അതോടൊപ്പം ജോലിക്കായി അപേക്ഷിക്കുന്നവരില്‍ നിന്നും ഓരോ സ്ഥാപനവും എന്താണ് പ്രതീക്ഷിക്കുന്നതെന്നും അറിയേണ്ടത് അത്യാവശ്യമാണ്.

ടെക് ഭീമനായ ഗൂഗിളില്‍ ഒരു ജോലി എത്തിപ്പിടിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. 2024 ജൂണിലെ കണക്കനുസരിച്ച്, 179,000-ലധികം ജീവനക്കാരുള്ള ഒരു തൊഴില്‍ ശക്തിയാണ് ഗൂഗിളിന്റേത്. ഉദ്യോഗാര്‍ത്ഥികളെ തന്റെ സ്ഥാപനത്തിലേക്ക് എത്തിക്കാന്‍ സഹായിക്കുന്ന ചില ടിപ്‌സുകള്‍ ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബറ്റ് സിഇഒ സുന്ദര്‍ പിച്ചൈ മുന്നോട്ടുവച്ചത് ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

ദ ഡേവിഡ് റൂബന്‍സ്‌റ്റൈന്‍ ഷോയുടെ പിയര്‍ ടു പിയര്‍ കോണ്‍വെര്‍സേഷനില്‍ പങ്കെടുക്കവേയാണ് പിച്ചൈ ഗൂഗിളില്‍ ജോലിക്കായി അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് എന്തെല്ലാം കഴിവുകള്‍ ഉണ്ടായിരിക്കണമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. തങ്ങളുടെ മേഖലയില്‍ സാങ്കേതികമായ പരിജ്ഞാനം മാത്രം പോര, ഏത് സാഹചര്യത്തോടും പൊരുത്തപ്പെടാന്‍ കഴിയുന്നതിനൊപ്പം വളരാനും എന്തും പുതുതായി പഠിക്കാന്‍ താല്‍പര്യമുള്ളവരും എല്ലാറ്റിലും ഉപരിയായി എന്ത് വെല്ലുവിളിയും ഏറ്റെടുക്കാന്‍ കെല്‍പ്പുള്ളവരുമായിരിക്കണം ഉദ്യോഗാര്‍ഥികളെന്നാണ് അദ്ദേഹം പറഞ്ഞതിന്റെ രത്‌നച്ചുരുക്കം.

സൂപ്പര്‍സ്റ്റാര്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാരെയാണ് ഗൂഗിള്‍ തേടുന്നത്. ചലനാത്മക പരിതസ്ഥിതികളില്‍ അഭിവൃദ്ധി പ്രാപിക്കാന്‍ കഴിയുന്നവരായിരിക്കണം ഇത്തരക്കാര്‍. ഗൂഗിളിന്റെ ജോലിസ്ഥലത്തെ സംസ്‌കാരം എല്ലായിപ്പോഴും സര്‍ഗ്ഗാത്മകതയെയും നവീകരണത്തെയും പ്രോത്സാഹിപ്പിക്കുന്നതാണ്. ഗൂഗിള്‍ തൊഴില്‍ വാഗ്ദാനം ചെയ്ത 90 ശതമാനം പേരും തങ്ങളുടെ ഓഫര്‍ ലെറ്റര്‍ സ്വീകരിച്ചവരാണ്.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗൂഗിളിന്റെ പ്രധാന മൂല്യങ്ങള്‍ മനസിലാക്കാന്‍ സാധിക്കുക മാത്രമല്ല, തങ്ങളുടെ സ്വന്തം ലക്ഷ്യങ്ങള്‍ കമ്പനിയുടെ ദൗത്യവുമായി എങ്ങനെ യോജിക്കുന്നുവെന്ന് വ്യക്തമാക്കാനും കഴിയണം. തങ്ങളുടെ അഭിലാഷവും നിശ്ചയദാര്‍ഢ്യവും പ്രകടമാക്കുന്നതിന് അവരുടെ മുന്‍കാല നേട്ടങ്ങളുടെ ഉദാഹരണങ്ങളിലൂടെ സാധിക്കും.

തന്റെ അനുഭവങ്ങള്‍ ഒരു കഥപോലെ പറയാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് സാധിക്കണം. മനുഷ്യര്‍ ആരായാലും കഥ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഇത് അഭിമുഖം നടത്തുന്നവരില്‍ ഒരു അടുപ്പം സൃഷ്ടിക്കാനും സാധിക്കുമെന്നത് ഉദ്യോഗാര്‍ഥികള്‍ ഓര്‍ക്കണം. ടെക് മേഖലയില്‍ മാന്ദ്യം ശക്തമായി പിടിമുറിക്കിയിരിക്കുന്ന വര്‍ത്തമാന കാലത്ത് ഗൂഗിള്‍ പോലുള്ള ഒരു സ്ഥാപനത്തില്‍ ജോലി ലഭിക്കുകയെന്നത് ഏറെ ക്ലേശരമായ കാര്യമാണ്.

ജീവനക്കാര്‍ക്ക് ഗൂഗില്‍ സൗജന്യ ഭക്ഷണം നല്‍കുന്നതുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ സമൂഹബോധം കെട്ടിപ്പടുക്കുന്നതിലും പുതിയ ആശയങ്ങള്‍ പ്രചോദിപ്പിക്കുന്നതിലും കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. കഫേയില്‍ സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിക്കേ പല പുതിയ പദ്ധതികളിലേക്കും അത് തന്നെ കൊണ്ടെത്തിച്ചിരുന്നതായും അദ്ദേഹം അഭിമുഖത്തില്‍ ഓര്‍ത്തെടുത്തു.

എന്‍ട്രി ലെവല്‍ ടെക് റോളുകള്‍ക്ക് മത്സരം തീവ്രമാകുമെന്നതിനാല്‍ ഉദ്യോഗാര്‍ഥികള്‍ സ്വയം വ്യത്യസ്തരാവണമെന്നത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് മുന്‍ ഗൂഗിള്‍ റിക്രൂട്ടര്‍ നോളന്‍ ചര്‍ച്ച്് ബിസിനസ് ഇന്‍സൈഡറുമായി പങ്കിട്ടു.

The post ഗൂഗിളില്‍ ഒരു ജോലിയാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്നാല്‍ ഈ ഗുണങ്ങള്‍ നിങ്ങള്‍ക്കുണ്ടാവണം സിഇഒ സുന്ദര്‍ പിച്ചൈ പറഞ്ഞത്… appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button