നാടിന്റെ തീരാനോവായ ദുരന്തത്തിന് ഇന്ന് ഒരു വയസ്; ദുരന്തഭൂമിയിൽ ഇന്ന് സർവമത പ്രാർഥനയും അനുസ്മരണവും
കേരളത്തിന്റെ തീരാനോവായി മാറിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു വയസ്. ഒരു മേഖലയാകെ തുടച്ചുനീക്കിയ ദുരന്തത്തിൽ 298 പേർക്ക് ജീവൻ നഷ്ടമായെന്നാണ് ഔദ്യോഗിക കണക്ക്. 400ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു.
ജൂലൈ 30ന് പുലർച്ചെ 1.40നാണ് ഉരുൾപൊട്ടലുണ്ടായത്. രണ്ട് ദിവസം തുടർച്ചയായി മഴ പെയ്തതിനെ തുടർന്ന് ജൂലൈ 29ന് പുഞ്ചിരിമട്ടം, അട്ടമല, മുണ്ടക്കൈ പ്രദേശവാസികളെ മാറ്റി പാർപ്പിച്ചിരുന്നു. മലവെള്ളപ്പാച്ചിലിൽ പുഞ്ചിരിമട്ടം, മുണ്ടക്കൈ ഗ്രാമങ്ങൾ ഒന്നാകെ ഒലിച്ചുപോയി
പുലർച്ചെ 4.10ന് രണ്ടാമത്തെ ഉരുൾപൊട്ടൽ നടന്നു. മുണ്ടക്കൈ പുഴ വഴിമാറി ഒഴുകിയതിനെ തുടർന്ന് പുഴക്ക് കുറുകെയുണ്ടായിരുന്ന പാലം തകർന്നു. വെള്ളാർമല ജിവിഎച്ച്എസ്എസ് സ്‌കൂളിന്റെ ഭൂരിഭാഗവും ഒലിച്ചുപോയി. ഒഴുകിയെത്തിയ മൃതദേഹങ്ങൾ ചാലിയാർ പുഴയിൽ കിലോമീറ്ററുകളോളം ഒഴുകിനടന്നു.
തിരിച്ചറിഞ്ഞതും അല്ലാത്തതുമായി 190 പേരുടെ ശരീര ഭാഗങ്ങൾ കണ്ടെത്തി. 298 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 128 പേർക്ക് പരുക്കേറ്റു. 435 വീടുകൾ തകർന്നു. ദുരന്തഭൂമിയിൽ ഇന്ന് രാവിലെ 10 മണിക്ക് സർവമത പ്രാർഥനയും പുഷ്പാർച്ചനയും നടക്കും. ഉച്ചയ്ക്ക് നടക്കുന്ന അനുസ്മരണ യോഗത്തിൽ മന്ത്രിമാർ അടക്കം പങ്കെടുക്കും.
The post നാടിന്റെ തീരാനോവായ ദുരന്തത്തിന് ഇന്ന് ഒരു വയസ്; ദുരന്തഭൂമിയിൽ ഇന്ന് സർവമത പ്രാർഥനയും അനുസ്മരണവും appeared first on Metro Journal Online.