ബിജെപിയുടെ 27 ജില്ലാപ്രസിഡന്റുമാർ ഇന്ന് ചുമലയേൽക്കും

തിരുവനന്തപുരം: ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ എണ്ണം കുത്തനെ കൂട്ടി. 27 സംഘടനാ ജില്ലാ പ്രസിഡന്റുമാർ ഇന്ന് ചുമതലയേൽക്കുകയാണ്. പലമാനദണ്ഡങ്ങളും പരിഗണിച്ചാണ് ബിജെപി ദേശീയ നേതൃത്വം ജില്ലാ അധ്യക്ഷന്മാരെ തീരുമാനിച്ചത്. കൂടുതൽ വോട്ട് കിട്ടിയ പലർക്കും സ്ഥാനം കിട്ടാതെ പോയതും അത് കൊണ്ടാണെന്നാണ് വിശദീകരണം. ‘മിഷൻ കേരള’യുടെ ഭാഗമായാണ് കരമന ജയൻ, പ്രകാശ് ബാബു, പ്രഫുൽ കൃഷ്ണൻ, സന്ദീപ് വചസ്പതി അടക്കമുള്ള സംസ്ഥാന നേതാക്കളെ ജില്ലാ അധ്യക്ഷന്മാരാക്കിയത്.
സംസ്ഥാന പ്രസിഡന്റിന്റെ കാര്യത്തിൽ വൈകാതെ കേന്ദ്ര നേതൃത്വം തീരുമാനമെടുക്കും. സംസ്ഥാന അധ്യക്ഷന്റെ തെരഞ്ഞെടുപ്പിൽ ജില്ലാ അധ്യക്ഷന്മാരുടെ പിന്തുണ ഘടകമല്ല. അഞ്ച് വർഷം പൂർത്തിയാക്കിയ ജില്ലാ അധ്യക്ഷന്മാരുടെ മാറ്റം സുരേന്ദ്രനും മാറേണ്ടിവരുമെന്ന സന്ദേശം നൽകുന്നു. അല്ലെങ്കിൽ സംസ്ഥാന അധ്യക്ഷന് മാത്രം പ്രത്യേക ഇളവ് നൽകണം.
ജില്ലാ അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പിന് ശേഷം വി മുരളീധരൻ സംസ്ഥാന അധ്യക്ഷനാകുമെന്ന അഭ്യൂഹം വീണ്ടും ശക്തമായി. പക്ഷെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും മുരളിയുടെ പേര് പരിഗണനയിലുണ്ട്. ശോഭാ സുരേന്ദ്രൻറെയും എംടി രമേശിൻറെയും പേരുകളും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സജീവമാണ്.
The post ബിജെപിയുടെ 27 ജില്ലാപ്രസിഡന്റുമാർ ഇന്ന് ചുമലയേൽക്കും appeared first on Metro Journal Online.