തേവലക്കരയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; ഓവർസിയറെ സസ്‌പെൻഡ് ചെയ്ത് കെഎസ്ഇബി

കൊല്ലം തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഓവർസീയറെ സസ്‌പെൻഡ് ചെയ്ത് കെഎസ്ഇബി. തേവലക്കര ഡിവിഷൻ ഓവർസിയർ എസ് ബിജുവിനെതിരെയാണ് നടപടി. കെഎസ്ഇബി ചീഫ് എൻജിനീയർ വൈദ്യുതി മന്ത്രിക്ക് ആദ്യം നൽകിയ റിപ്പോർട്ടിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരുണ്ടായിരുന്നില്ല
കൂടുതൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദേശം നൽകി. പിന്നാലെയാണ് ഓവർസിയർക്കെതിരെ നടപടിയെടുത്തത്. സ്‌കൂൾ ഷെഡിന് മുകളിൽ വീണ ചെരിപ്പ് എടുക്കാൻ കയറുമ്പോഴാണ് എട്ടാം ക്ലാസ് വിദ്യാർഥിയായ മിഥുൻ ഷോക്കേറ്റ് മരിച്ചത്.
ചെരിപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാല് തെന്നിയപ്പോൾ അറിയാതെ കയറി പിടിച്ചത് താഴ്ന്ന് കിടന്ന 440 കെവി വൈദ്യുതി ലൈനിലായിരുന്നു. ബോധം നഷ്ടപ്പെട്ട മിഥുൻ ഇതേ ലൈനിലേക്ക് കമിഴ്ന്ന് വീണു. രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.