കന്യാസ്ത്രീകളുടെ അറസ്റ്റ് തെറ്റിദ്ധാരണയെ തുടർന്ന്; ജാമ്യം കിട്ടുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി: രാജീവ് ചന്ദ്രശേഖർ

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം ക്രിസ്ത്യൻ വിഭാഗങ്ങളുടെ കടുത്ത എതിർപ്പ് വരുത്തി വെച്ചതിന് പിന്നാലെ സമവായ നീക്കവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. സിബിസിഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്തുമായി രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തി. കന്യാസ്ത്രീകളുടെ അറസ്റ്റിൽ വേദനയും അമർഷവും ഉണ്ടെന്ന് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു
കന്യാസ്ത്രീകളുടെ അറസ്റ്റ് ഭരണഘടനക്കും മതസ്വാതന്ത്ര്യത്തിനും എതിരാണ്. ക്രൈസ്തവർക്കെതിരെ വിവേചനമുണ്ട്. കന്യാസ്ത്രീകളെ എത്രയും വേഗം ജയിൽ മോചിതരാക്കണം. ന്യൂനപക്ഷങ്ങൾക്ക് നീതിയും സുരക്ഷിതത്വവും ലഭിക്കണം. രാജീവ് ചന്ദ്രശേഖറിന്റെ സന്ദർശനത്തിൽ സന്തോഷമുണ്ട്. സഭയ്ക്ക് രാഷ്ട്രീയമില്ലെന്നും ആൻഡ്രൂസ് താഴത്ത് പറഞ്ഞു
പ്രശ്‌നം പരിഹരിക്കാൻ ഇടപെടൽ നടക്കുന്നതായി രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചു. ജാമ്യം കിട്ടുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി. ആഭ്യന്തര മന്ത്രി അമിത് ഷായും ഉറപ്പ് നൽകിയിട്ടുണ്ട്. ഇതിൽ രാഷ്ട്രീയം കാണരുത്. അറസ്റ്റ് ഒരു തെറ്റിദ്ധാരണയെ തുടർന്നായിരുന്നു. ഛത്തിസ്ഗഡ് സർക്കാർ ജാമ്യത്തെ എതിർക്കില്ല. ആരും രാഷ്ട്രീയ നാടകം കളിക്കരുതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു
The post കന്യാസ്ത്രീകളുടെ അറസ്റ്റ് തെറ്റിദ്ധാരണയെ തുടർന്ന്; ജാമ്യം കിട്ടുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി: രാജീവ് ചന്ദ്രശേഖർ appeared first on Metro Journal Online.