ഹർജി സുപ്രിം കോടതി തള്ളി

മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രിം കോടതി തള്ളി. ഷുഹൈബിന്റെ മാതാപിതാക്കളായ സിപി മുഹമ്മദ്, എസ് പി റസിയ എന്നിവർ നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. അതേസമയം കേസിന്റെ വിചാരണ വേളയിൽ മറ്റാരുടെയെങ്കിലും പങ്ക് തെളിഞ്ഞാൽ നിയമപരമായ മാർഗം തേടാൻ മാതാപിതാക്കൾക്ക് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി
സംഭവം നടന്ന് അഞ്ച് വർഷം കഴിഞ്ഞതായി ജസ്റ്റിസുമാരായ ബിആർ ഗവായ്, കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. അന്തിമ അന്വേഷണ റിപ്പോർട്ടും കോടതിയിൽ ഫയൽ ചെയ്തു. അതിനാൽ സിബിഐ അന്വേഷണം എന്ന ആവശ്യത്തിൽ ഇപ്പോൾ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി പറഞ്ഞു
അന്വേഷണം സിബിഐക്ക് വിട്ട സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെയാണ് മാതാപിതാക്കൾ സുപ്രീം കോടതിയെ സമീപിച്ചത്. ചില പ്രതികൾക്ക് സിപിഎമ്മുമായുള്ള അടുത്ത ബന്ധത്തെ കുറിച്ച് പോലീസ് അന്വേഷിച്ചില്ലെന്നാണ് മാതാപിതാക്കളുടെ പരാതി.