ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; രണ്ട് പ്രതികൾ പിടിയിൽ, രണ്ട് പേർ ഇപ്പോഴും ഒളിവിൽ

വയനാട് മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ട് പ്രതികൾ പിടിയിൽ. പച്ചിലക്കാട് സ്വദേശികളായ മുഹമ്മദ് ഹർഷിദ്, അഭിരാം എന്നിവരാണ് പിടിയിലായത്. രണ്ടു പ്രതികൾ ഇപ്പോഴും ഒളിവിലാണ്. പനമരം സ്വദേശികളായ വിഷ്ണു, നബീൽ എന്നിവരെയാണ് ഇനിയും പിടികൂടാനുള്ളത്. ഇവർക്കായുള്ള അന്വേഷണം തുടരുകയാണ്. കൽപ്പറ്റയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതികൾ ലഹരി ഉപയോഗിച്ചതായി സംശയമുണ്ടെന്ന് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന മാതൻ പ്രതികരിച്ചു. കൂടൽകടവ് പ്രദേശത്ത് ലഹരി ഉപയോഗം നടക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരു മുൻ പരിചയവുമില്ലാത്തവരാണ് ആക്രമിച്ചതെന്നും ഈ സംഘം കൂടൽ കടവിന് താഴ്ഭാഗത്തും പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നുവെന്നും മാതൻ പറഞ്ഞു.
പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മാതനെ മന്ത്രി ഒ ആർ കേളു സന്ദർശിച്ചു. സംഭവത്തിൽ കർശന നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രതികൾ ഒളിവിലാണ് എന്നറിയുന്നു. വേഗത്തിൽ കസ്റ്റഡിയിൽ എടുക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവമാണ് ഉണ്ടായത്. ആദിവാസി സമൂഹത്തോടുള്ള സമീപനത്തെ ചൂണ്ടിക്കാട്ടുന്നതാണ് ഈ സംഭവമെന്നും മന്ത്രി വ്യക്തമാക്കി.
The post ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; രണ്ട് പ്രതികൾ പിടിയിൽ, രണ്ട് പേർ ഇപ്പോഴും ഒളിവിൽ appeared first on Metro Journal Online.