Kerala

ദുരൂഹത പുറത്തായത്‌ ബന്ധുവിന്റെ ആ മൊഴിയില്‍; നെയ്യാറ്റിന്‍കരയില്‍ സംഭവിച്ചതെന്ത്: സമാധിക്കേസില്‍ സത്യം കണ്ടെത്താന്‍ പൊലീസ്‌

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സമാധിക്കേസില്‍ ദുരൂഹത. ബന്ധുക്കളുടെ മൊഴിയിലെ വൈരുധ്യമാണ് ദുരൂഹത വെളിവാക്കുന്നത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ ഗോപന്‍സ്വാമി നടന്നുപോയി സമാധിയായി എന്നായിരുന്നു മകന്‍ രാജസേനന്റെ അവകാശവാദം. എന്നാല്‍ ഗോപന്‍ സ്വാമി ഗുരുതരാവസ്ഥയില്‍ കിടപ്പിലായിരുന്നുവെന്ന് ബന്ധു പൊലീസിനോട് പറഞ്ഞു. ഈ രണ്ട് മൊഴികളിലെ വൈരുധ്യമാണ് കേസില്‍ അടിമുടി ദുരൂഹത സൃഷ്ടിക്കുന്നത്. കേസിലെ ഈ ദുരൂഹത പൊലീസ് അന്വേഷിക്കുന്നുണ്ട്. 11.30-ഓടെയാണ് ഗോപന്‍ സ്വാമി സമാധിയയാതെന്ന് കുടുംബം പൊലീസിന് മൊഴി നല്‍കി. എന്നാല്‍ മരണശേഷം മൃതദേഹം സമാധിസ്ഥലത്ത് കൊണ്ടുവയ്ക്കാനുള്ള സാധ്യതയും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

അന്വേഷണവുമായി ബന്ധപ്പെട്ട് ഗോപന്‍ സ്വാമിയുടെ മൃതദേഹം സമാധിപീഠത്തില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നാണ് പൊലീസിന്റെ ആവശ്യം. പൊലീസിന്റെ അപേക്ഷയില്‍ കളക്ടര്‍ ഉടന്‍ തീരുമാനമെടുക്കും. ഇന്നോ നാളെയോ തീരുമാനമുണ്ടാകുമെന്നാണ് വിവരം. അനുമതി ലഭിച്ചാല്‍ ആര്‍ഡിഒയുടെയും ഫോറന്‍സിക് വിദഗ്ധരുടെയും സാന്നിധ്യത്തില്‍ കല്ലറ തുറക്കും. അതില്‍ മൃതദേഹമുണ്ടെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകം
പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിലൂടെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം കൂടുതല്‍ ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് കടക്കും. ആറാലുമൂട് കാവുവിളാകം വീട്ടില്‍ ഗോപന്‍ സ്വാമി (81) കഴിഞ്ഞ ദിവസമാണ് മരിച്ചത്.

മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാല്‍ തെറ്റ് ചെയ്തിട്ടില്ലെന്നും, പിതാവിന്റെ ആഗ്രഹം സാധിച്ചുകൊടുക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഗോപന്‍ സ്വാമിയുടെ മകന്‍ രാജസേനന്റെ പ്രതികരണം. സമാധിയാകാന്‍ സമയമായെന്ന് പറഞ്ഞ് പിതാവ് പോവുകയായിരുന്നുവെന്നും, തുടര്‍ന്ന് യോഗകലകളിലൂടെ പ്രാണശക്തികളെയെല്ലാം ഉണര്‍ത്തി, ഓരോ അനാഗത ചക്രത്തിലും ഓരോ കലകളെ ഉണര്‍ത്തി, പ്രാണായാമം ചെയ്ത്, കുംഭകം ചെയ്ത് ബ്രഹ്‌മത്തിലേക്ക് ലയിക്കുകയായിരുന്നുവെന്നും രാജസേനന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഈ പ്രവൃത്തി ആരും കാണാന്‍ പാടില്ല. നാട്ടുകാര്‍ക്ക് ഇതൊന്നും മനസിലാകില്ല. പകലാണ് പൂജകളൊക്കെയും നടത്തിയത്. സമാധിസമയത്ത് പിതാവിന് അത്ഭുതാവഹമായ തേജസുണ്ടായിരുന്നുവെന്നും രാജസേനന്‍ പറഞ്ഞു. സമാധികര്‍മങ്ങളെക്കുറിച്ച് പിതാവ് തന്നെയാണ് പറഞ്ഞുതന്നതെന്നും ഇയാള്‍ അവകാശപ്പെട്ടു.

ഗോപന്‍ സ്വാമി സമാധിയായെന്നുകാട്ടി മക്കള്‍ വീടിനു മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ചപ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്. തുടര്‍ന്നാണ് വിവരം പൊലീസില്‍ അറിയിച്ചത്. പിന്നീട് ഗോപന്‍സ്വാമിയുടെ മക്കളായ രാജസേനന്‍, സനന്ദന്‍ എന്നിവരെ പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തു.

നേരത്തെ ആറാലുമൂടില്‍ ചുമട്ടുതൊഴിലാളിയായിരുന്നു മരിച്ച ഗോപന്‍. വര്‍ഷങ്ങളോളം തൊഴിലാളി യൂണിയനിലുമുണ്ടായിരുന്നു. 2016ല്‍ വീടിനോട് ചേര്‍ന്ന് ഒരു ക്ഷേത്രം നിര്‍മ്മിക്കുകയും ഇതിന്റെ മുഖ്യാചാര്യനാവുകയും ചെയ്തു. ഗോപന്‍ സ്വാമിയെന്നാണ് നാട്ടില്‍ അറിയപ്പെട്ടിരുന്നത്. മരണം ഔദ്യോഗികമായി സ്ഥിരീകരിക്കാത്തതിനാൽ ഗോപനെ കാണാനില്ലെന്ന കേസാണ് പൊലീസ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സമാധിപീഠമായി നിര്‍മ്മിച്ച കല്ലറ പൊലീസ് സീല്‍ ചെയ്തിട്ടുണ്ട്. കല്ലറയില്‍ മൃതദേഹമുണ്ടോയെന്ന് ഇത് തുറന്നു പരിശോധിച്ചാല്‍ മാത്രമേ വ്യക്തമാകൂ.

The post ദുരൂഹത പുറത്തായത്‌ ബന്ധുവിന്റെ ആ മൊഴിയില്‍; നെയ്യാറ്റിന്‍കരയില്‍ സംഭവിച്ചതെന്ത്: സമാധിക്കേസില്‍ സത്യം കണ്ടെത്താന്‍ പൊലീസ്‌ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button