Kerala

കേന്ദ്ര ബജറ്റ്; ട്രാക്കിലാകുമോ കേരളത്തിന്റെ റെയിൽ പ്രതീക്ഷകൾ

ഇക്കുറിയും കേരളത്തിന് റെയിൽ പ്രതീക്ഷകൾ ഏറെയാണ്. പക്ഷെ, പ്രതീക്ഷകൾ എത്രമാത്രം ട്രാക്കിലാകുമെന്ന് അറിയണമെങ്കിൽ ഫെബ്രുവരി ഒന്ന് വരെ കാത്തിരിക്കണം. റെയിൽവേയുടെ ആധുനികവത്കരണത്തിന് കേന്ദ്ര ബജറ്റിൽ വലിയ പരിഗണനയുണ്ടാകുമെന്നാണ് വിവരം.

ബജറ്റിന് മുന്നോടിയായി ധനകാര്യ മന്ത്രാലയം റെയിൽവേയ്ക്ക് 79398 കോടിയുടെ വായ്പയാണ് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി റെയിൽവേ ആധുനികവത്കരണത്തിനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബജറ്റിലെ കേരളത്തിന്റെ പ്രതീക്ഷകളിലൂടെ ഒരെത്തിനോട്ടം…

ഇരട്ടപ്പാതകളുടെ പൂർത്തീകരണം

ഇരട്ടപ്പാത പദ്ധതികളുടെ പൂർത്തീകരണത്തിനുള്ള നടപടികളാണ് ബജറ്റിൽ കേരളം ഉറ്റുനോക്കുന്നത്. അമ്പലപ്പുഴ മുതൽ തുറവൂർ വരെയുള്ള 46 കിലോമീറ്റർ പാത ഇരട്ടിപ്പിക്കലിനുള്ള അനുമതി സംസ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്. 1700 കോടി രൂപയാണ് പദ്ധതിയുടെ എസ്റ്റിമേറ്റ് തുക. എന്നാൽ പദ്ധതിയിൽ നിന്നുള്ള റേറ്റ് ഓഫ് റിട്ടേൺ കുറവാണെന്ന കാരണത്തിൽ കേന്ദ്രം ഇനിയും അനുമതി നൽകിയിട്ടില്ല.

പാത ഒറ്റവരിയായി തുടരുന്നതു ട്രെയിൻ ഗതാഗതത്തെ സാരമായി ബാധിക്കുമെന്നു കാണിച്ചു ദക്ഷിണ റെയിൽവേ കത്ത് നൽകിയെങ്കിലും അനുകൂല മറുപടിയല്ല റെയിൽവേ മന്ത്രാലയത്തിൽ നിന്ന് ലഭിക്കുന്നത്.

നിർമാണം പുരോഗമിക്കുന്ന തിരുവനന്തപുരം- കന്യാകുമാരി, എറണാകുളം- തുറവൂർ, വള്ളത്തോൾ നഗർ -ഷൊർണൂർ പാത പാത ഇരട്ടിപ്പിക്കൽ പദ്ധതികൾക്ക് കൂടുതൽ വിഹിതവും സംസ്ഥാനം പ്രതീക്ഷിക്കുന്നു. നേമം ടെർമിനൽ, തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് 400 കോടി രൂപയും റെയിൽവേ ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചുവേളി മാസ്റ്റർ പ്ലാൻ പൂർത്തീകരണത്തിനും പാലക്കാട് പിറ്റ്ലൈൻ പദ്ധതിക്കും വിഹിതം ചോദിച്ചിട്ടുണ്ട്.

പുതിയ പാതകൾ ഉണ്ടാകുമോ

റെയിൽവേ വിശദമായ പഠന റിപ്പോർട്ട് തയാറാക്കുന്ന നിലമ്പൂർ നഞ്ചൻകോട് , ഗുരുവായൂർ തിരുനാവായ പാതകൾ, ഷൊർണൂർ-എറണാകുളം മൂന്നാം പാത, തിരുവനന്തപുരം എറണാകുളം മൂന്നാം പാത, തിരുവനന്തപുരം മംഗളൂരു മൂന്നും നാലും പാത പദ്ധതികൾക്കുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് യാത്രക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നു.

അനിശ്ചിതത്വത്തിൽ ശബരിപാത

അങ്കമാലി എരുമേലി ശബരി പാതയുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ ത്രികക്ഷി കരാറിൽ ഒപ്പിടാതെ ഒപ്പിടാതെ പിൻമാറിയതിനാൽ പദ്ധതി അനിശ്ചിതത്വത്തിലാണ്. ആദ്യഘട്ടത്തിൽ ആർബിഐയുമായുള്ള ത്രികക്ഷി കരാർ വേണ്ടെന്നും ഒറ്റവരിപ്പാതയുമായി മുന്നോട്ടു പോകാമെന്നുമാണ് സംസ്ഥാന സർക്കാർ റിപ്പോർട്ട്. എന്നാൽ ഈ നിർദേശം കേന്ദ്ര സർക്കാർ അനുവദിച്ചിട്ടില്ല. ഇതോടെ ശബരി പാതയുടെ കാര്യത്തിൽ ഇക്കുറിയും അനിശ്ചിതത്വം തുടരാനാണ് സാധ്യത.

വേണം കുടുതൽ തീവണ്ടികൾ

സംസ്ഥാനത്തേക്ക് കുടുതൽ തീവണ്ടി വേണമെന്ന് ആവശ്യം ഇക്കുറിയും യാത്രക്കാരുടെ സംഘടകൾ ആവശ്യപ്പെടുന്നുണ്ട്. കേരളത്തിൽ നിന്ന് ബംഗളുരു, മുംബൈ എന്നിവടങ്ങളിലേക്കാണ് പുതിയതായി ട്രെയിനുകൾ വേണ്ടതെന്ന് വെസ്റ്റേൺ റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ സെക്രട്ടറി തോമസ് സൈമൺ അഭിപ്രായപ്പെട്ടു.

ലോകമാന്യ തിലക്- തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) എക്‌സ്പ്രസ് ദിവസേനയാക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. ജയന്തിജനതാ എക്‌സ്പ്രസ് പൂനൈ വരെയാക്കിയതോടെ കോട്ടയം വഴി നിലവിൽ ദിവസേന മുംബൈയ്ക്ക് ട്രെയിൻ ഇല്ലാത്ത സ്ഥിതിയാണ്. ഇത് മുംബൈയിലേക്കുള്ള യാത്രക്കാരെ സാരമായി ബാധിക്കുന്നുണ്ട്- തോമസ് സൈമൺ പറഞ്ഞു.

ബംഗളൂരു, മംഗളുരു എന്നിവടങ്ങളിലേക്ക് പ്രതിദിന ട്രെയിനുകളും കേരളം കാലങ്ങളായി ആവശ്യപ്പെടുന്നുണ്ട്. ഇതിനുപുറമേ പാലക്കാട്- കണ്ണൂർ, കോട്ടയം- കൊല്ലം പാതകളിൽ കുടുതൽ മെമു സർവ്വീസും കേരളം ആവശ്യപ്പെടുന്നുണ്ട്.

The post കേന്ദ്ര ബജറ്റ്; ട്രാക്കിലാകുമോ കേരളത്തിന്റെ റെയിൽ പ്രതീക്ഷകൾ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button