Kerala

പ്രവര്‍ത്തകരുടെ മേല്‍ സ്ഥാനാര്‍ത്ഥികളെ അടിച്ചേല്‍പ്പിക്കാം; പക്ഷേ, ജനങ്ങളുടെ മേല്‍ കഴിയില്ല; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറി; വീണ്ടും പൊട്ടിത്തെറി

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പാലക്കാട് കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറി ടി വൈ ശിഹാബുദ്ദീനാണ് രംഗത്തെത്തിയിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ മേല്‍ സ്ഥാനാര്‍ത്ഥികളെ അടിച്ചേല്‍പ്പിക്കാം പക്ഷേ ജനങ്ങളുടെ മേല്‍ സ്ഥാനാര്‍ത്ഥികളെ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു പോകുന്നവര്‍ പറയുന്നതിലെ കാതലായ വിഷയങ്ങളെക്കുറിച്ച് ഗൗരവമായി നേതൃത്വം കണ്ടില്ലെങ്കില്‍ നിര്‍ണായകമായ സമയത്ത് വളരെ വലിയ വിലയാണ് പാര്‍ട്ടിക്ക് നല്‍കേണ്ടി വരിക എന്നും പാലക്കാട്ടെ കോണ്‍ഗ്രസ് യുവ നേതൃത്വത്തില്‍ മുറിവേറ്റവര്‍ പലരാണെങ്കിലും മുറിവേല്‍പ്പിച്ച ‘കത്തി’ഒന്നു തന്നെയാണ് എന്നും ശിഹാബുദ്ദീന്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളില്‍ ഏറ്റവും രാഷ്ട്രീയ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പ് പാലക്കാട്ടേതാണ്… പുതിയ രാഷ്ട്രീയ സാഹചര്യത്തോടുകൂടി കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിക്കുന്ന തിരഞ്ഞെടുപ്പും പാലക്കാടായി മാറിയിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പിനു കോണ്‍ഗ്രസ്സ് നടത്തിയ മുന്നൊരുക്കങ്ങളില്‍ എവിടെയാണ് പാളിയതെന്ന് മനസ്സിലാക്കാന്‍ നേതൃത്വം തയ്യാറാകണം.

പാര്‍ട്ടിപ്രവര്‍ത്തകരുടെ മേല്‍ സ്ഥാനാര്‍ത്ഥികളെ അടിച്ചേല്‍പ്പിക്കാം പക്ഷേ ജനങ്ങളുടെ മേല്‍ സ്ഥാനാര്‍ത്ഥികളെ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. നേതൃത്വം ആരെ സ്ഥാനാര്‍ത്ഥി ആയി തീരുമാനിച്ചാലും കോണ്‍ഗ്രസ് രക്തം സിരകളില്‍ ഓടുന്നവര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് എത്തിച്ചേരുമെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്, എന്നാല്‍ വോട്ട് ചെയ്യുന്നത് അത്തരം ആളുകള്‍ മാത്രമല്ല എന്നുള്ള യാഥാര്‍ത്ഥ്യം കൂടെ നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയണം.
പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു പോകുന്നവര്‍ പറയുന്നതിലെ കാതലായ വിഷയങ്ങളെക്കുറിച്ച് ഗൗരവമായി നേതൃത്വം കണ്ടില്ലെങ്കില്‍ ഈ നിര്‍ണായകമായ സമയത്ത് വളരെ വലിയ വിലയാണ് പാര്‍ട്ടിക്ക് നല്‍കേണ്ടി വരിക.

പാലക്കാട്ടെ കോണ്‍ഗ്രസ് യുവ നേതൃത്വത്തില്‍ മുറിവേറ്റവര്‍ പലരാണെങ്കിലും
മുറിവേല്‍പ്പിച്ച ‘കത്തി’ഒന്നു തന്നെയാണ്. മുറിവൈദ്യം കൊണ്ട് ഭേദമാക്കാന്‍ കഴിയുന്നതല്ല ഈ ‘കത്തി’പാലക്കാട്ടെ കോണ്‍ഗ്രസിനുണ്ടാക്കിയ പരിക്ക് . രോഗ മറിഞ്ഞുള്ള ചികിത്സയാണ് പാലക്കാട് കോണ്‍ഗ്രസിന് ആവശ്യം. ഇതോടൊപ്പം ഒരു കാര്യം കൂടെ പറയാതിരിക്കാന്‍ കഴിയില്ല
ബഹുമാന്യനായ ലീഡര്‍ക്ക് അഭേദ്യമായ ബന്ധം ഉണ്ടായിരുന്ന ഒരു പ്രദേശമാണ് പാലക്കാട് .
അറിഞ്ഞോ അറിയാതെയോ പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി മുന്‍പൊരിക്കല്‍ ലീഡറുടെ കുടുംബത്തെ അപമാനിച്ചു എന്നുള്ള ഒരു ആരോപണം കൂടെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതുപ്പള്ളിയില്‍ നിന്നും വരുന്ന വഴി തൃശ്ശൂര്‍ മുരളി മന്ദിരത്തില്‍ കയറി ലീഡറുടെ കല്ലറയില്‍ കൂടി പ്രാര്‍ത്ഥിക്കാമായിരുന്നു.
– ടി വൈ ശിഹാബുദ്ധീന്‍-

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button