Kerala

കരുത്ത് തെളിയിക്കാന്‍ അന്‍വറിന്റെ ശക്തി പ്രകടനം; അണികളെ വാടകക്കെടുത്തത് കൈയ്യോടെ പിടികൂടി സോഷ്യല്‍ മീഡിയ

പാലക്കാട്: വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ സാധിക്കുമെന്ന അവകാശവാദവുമായി രംഗത്തെത്തിയ നിലമ്പൂര്‍ എം എല്‍ എ. പി വി അന്‍വര്‍ പാലക്കാട്ട് നടത്തിയ ശക്തിപ്രകടനം ട്രോളര്‍മാര്‍ ഏറ്റെടുത്തു. മലപ്പുറത്തേത് പോലെ കാര്യമായ സ്വാധീനമില്ലാത്ത അന്‍വറിന്റെ ശക്തി പ്രകടനത്തില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ജനങ്ങളാണ് എത്തിയിരുന്നത്. ഇതോടെ സംശയം തോന്നിയ മാധ്യമ പ്രവര്‍ത്തകര്‍ അണികള്‍ക്കിടയിലേക്ക് മൈക്കുമായി എത്തിയതോടെയാണ് കള്ളി വെളിച്ചത്തായത്.

അന്‍വറിനെ അറിയില്ലെന്നും ഏജന്റുമാര്‍ വിളിച്ചിട്ടാണ് വന്നതെന്നും ചിലര്‍ ഏഷ്യാനെറ്റ് റിപോര്‍ട്ടറോട് പറഞ്ഞു.
നെന്മാറയില്‍ നിന്നാണ് വരുന്നതെന്നും വേറെ ഒരു ഗ്രൂപ്പ് വിളിച്ചിട്ടാണ് വന്നതെന്നും അന്‍വറിനെ കുറിച്ച് അറിയില്ലെന്നും ഏജന്റ് പറഞ്ഞിട്ടാണ് വന്നതെന്നും ചില സ്ത്രീകള്‍ റിപോര്‍ട്ടര്‍മാരോട് വ്യക്തമാക്കി. അന്‍വറിന്റെ പ്ലക്കാര്‍ഡ് ഉയര്‍ത്തിയ സ്ത്രീകളാണ് ഇങ്ങനെ പറഞ്ഞതെന്നാണ് മറ്റൊരു കൗതുകം.

വേറെ ഷൂട്ടിങ്ങിനു പോകാറുണ്ട്. ഗുരുവായൂരമ്പല നടയില്‍ സിനിമയുടെ ഷൂട്ടിങ്ങിനൊക്കെ പോയിട്ടുണ്ട്. വേറൊരു ഏജന്റ് വിളിച്ചിട്ട് വരുന്നതാണ്. എത്ര രൂപയാണ് തരികയെന്ന് അറിയില്ല,’ മറ്റൊരു സ്ത്രീ പറഞ്ഞു.

അന്‍വര്‍ നടത്തിയ റോഡ് ഷോയ്ക്ക് നൂറുകണക്കിനു ആളുകളാണ് എത്തിയത്. എന്നാല്‍ ഇതില്‍ ഭൂരിഭാഗം പേരെയും എത്തിച്ചത് പണം കൊടുത്താണെന്നാണ് തെളിയുന്നതെന്ന് ചാനല്‍ വീഡിയോ പങ്കുവെച്ച് ട്രോളര്‍മാര്‍ വ്യക്തമാക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോക്ക് താഴെ രസകരമായ കമന്റും വരുന്നുണ്ട്. ഏതായാലും വീഡിയോ വന്‍ തോതില്‍ പ്രചരിപ്പിച്ച് അന്‍വറിനെ പരമാവധി പരിഹസിക്കാനാണ് സൈബര്‍ സഖാക്കള്‍ ശ്രമിക്കുന്നത്.

അതേസമയം അന്‍വറിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ഡി.എം.കെ പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചിട്ടുണ്ട്. പകരം യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനു പിന്തുണ നല്‍കുമെന്ന് അന്‍വര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button