Kerala

തൃശൂര്‍ പൂരം കലക്കല്‍: സുരേഷ് ഗോപിക്കെതിരെ കേസ്

തൃശൂര്‍: തൃശൂര്‍പൂരം കലക്കലുമായി ബന്ധപ്പെട്ട് ഏറെ വിവാദം ഉയര്‍ന്ന സുരേഷ് ഗോപിയുടെ ആംബുലന്‍സിലെ രംഗപ്രവേശനം സംബന്ധിച്ച് പോലീസ് കേസ് എടുത്തു. പൂരം കലക്കല്‍ കൃത്യമായ ഗൂഢാലോചനയാണെന്ന് മനസ്സിലാക്കുന്ന സുരേഷ് ഗോപിയുടെ വരവിനെതിരെ സിപിഐ നേതാവ് അഡ്വ. സുമേഷ് നല്‍കിയ പരാതിയിലാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്. ഐപിസി 279,34, മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 179, 184, 188, 192 എന്നീ വകുപ്പുകളാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. വേദിയിലേക്ക് ആംബുലന്‍സിലേക്ക് വന്നതിനെതിരെയാണ് കേസ്.

സുരേഷ് ഗോപി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. രോഗികളെ കൊണ്ടുപോകുന്ന ആംബുലന്‍സ് യാത്രയ്ക്ക് ഉപയോഗിച്ചെന്ന് എഫ്ഐആറില്‍ പറയുന്നു. തൃശൂര്‍ പൂരത്തിന്റെ ഭാഗമായി വാഹനങ്ങള്‍ക്ക് പൊലീസ് നിയന്ത്രണം നിലനില്‍ക്കെ ഇത് ലംഘിച്ച് തൃശൂര്‍ റൗണ്ടിലൂടെ ആംബുലന്‍സ് ഓടിച്ചുവെന്നും മനുഷ്യജീവന് അപകടകരമായ രീതിയില്‍ പൂര ദിവസം ജനത്തിരക്കിലൂടെ ആംബുലന്‍സില്‍ സഞ്ചരിച്ചുവെന്നും എഫ്ഐആറില്‍ പറയുന്നു.

ആംബുലന്‍സ് ഡ്രൈവറും അഭിജിത് നായരുമാണ് കേസിലെ മറ്റ് പ്രതികള്‍.ആംബുലന്‍സില്‍ പൂര നഗരിയില്‍ എത്തിയത് ആദ്യം നിഷേധിച്ച സുരേഷ് ഗോപി, പിന്നീട് ഇക്കാര്യം സമ്മതിച്ചിരുന്നു. ആളുകള്‍ക്കിടയിലൂടെ നടക്കാന്‍ കഴിയില്ലായിരുന്നുവെന്നും അതിനാലാണ് ആംബുലന്‍സില്‍ കയറിയതെന്നുമാണ് സുരേഷ് ഗോപിയുടെ ന്യായീകരണം. 15 ദിവസം കാല് ഇഴച്ചാണ് പ്രവര്‍ത്തനം നടത്തിയത്. എയര്‍പോര്‍ട്ടില്‍ കാര്‍ട്ട് ഉണ്ട്, എന്ന് കരുതി സുരേഷ് ഗോപി കാര്‍ട്ടിലാണ് വന്നതെന്ന് പറയുമോ? വയ്യായിരുന്നു. അകോന കടക്കാന്‍ സഹായിച്ചത് ഒരു രാഷ്ട്രീയവും ഇല്ലാത്ത ചില യുവാക്കളാണ്, അവര്‍ എടുത്താണ് എന്നെ ആംബുലന്‍സില്‍ കയറ്റിയത് എന്നും എംപി പറഞ്ഞിരുന്നു. ആംബുലന്‍സില്‍ വന്നെന്ന് പറഞ്ഞ് പരാതി കൊടുത്തയാളുടെ മൊഴി പൊലീസ് എടുത്തെങ്കില്‍ എന്താണ് കേസ് എടുക്കാത്തതെന്നും സുരേഷ് ഗോപി ചോദിച്ചിരുന്നു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button