യുഎഇ വിസ: അതിവേഗ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന വ്യാജ പരസ്യങ്ങൾക്കെതിരെ അധികൃതരുടെ മുന്നറിയിപ്പ്

ദുബായ്: യുഎഇ വിസ അതിവേഗം ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഉയർന്ന തുക ഈടാക്കുന്ന വ്യാജ ഏജൻസികൾക്കെതിരെയും പരസ്യങ്ങൾക്കെതിരെയും അധികൃതർ ശക്തമായ മുന്നറിയിപ്പ് നൽകി. ഔദ്യോഗിക ചാനലുകളിലൂടെ അല്ലാതെ ലഭിക്കുന്ന ഇത്തരം വാഗ്ദാനങ്ങൾ വിശ്വസിക്കരുതെന്നും പണം നൽകി വഞ്ചിതരാകരുതെന്നും യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ICP) അറിയിച്ചു.
യുഎഇയിൽ താമസിക്കാനോ, ജോലി ചെയ്യാനോ, നിക്ഷേപം നടത്താനോ ആഗ്രഹിക്കുന്നവർ ഔദ്യോഗിക വെബ്സൈറ്റുകളോ അംഗീകൃത കോൾ സെന്ററുകളോ വഴി മാത്രം വിവരങ്ങൾ തേടണം. “അതിവേഗം ഗോൾഡൻ വിസ” പോലുള്ള വാഗ്ദാനങ്ങൾ നൽകി ലക്ഷങ്ങൾ തട്ടിയെടുക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.
അടുത്തിടെ, ചില ഏജൻസികൾ യുഎഇ ഗോൾഡൻ വിസ “ആജീവനാന്തം” ലഭ്യമാക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് വൻ തുക ഈടാക്കിയ സംഭവങ്ങൾ പുറത്തുവന്നിരുന്നു. ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വ്യാജ വിസ തട്ടിപ്പുകൾ തടയാൻ കർശന നടപടികളാണ് യുഎഇ സ്വീകരിച്ച് വരുന്നത്. നിയമലംഘനം നടത്തുന്നവർക്കും, വ്യാജ വിസ വാഗ്ദാനം ചെയ്യുന്നവർക്കും, അനധികൃതമായി ആളുകളെ രാജ്യത്തേക്ക് കൊണ്ടുവരുന്നവർക്കും കടുത്ത പിഴയും ശിക്ഷയും നാടുകടത്തലും ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. അതിനാൽ, യുഎഇ വിസയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കാൻ ശ്രദ്ധിക്കുക.