Kerala

കോഴിക്കോട് ജില്ലയില്‍ നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

കോഴിക്കോട്: ഞായറാഴ്ച കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ചേവായൂര്‍ സഹകരണ ബാങ്കില്‍ സിപിഐഎം അതിക്രമമെന്നാരോപിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന് എം കെ രാഘവന്‍ എംപി ആരോപിച്ചു. വ്യാപകമായി കള്ളവോട്ട് ചെയ്തു. പൊലീസ് നിഷ്‌ക്രിയമായി നോക്കി നിന്നു. സിപിഐഎം പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. കെപിസി ജനറല്‍ സെക്രട്ടറി പിഎം നിയാസ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റുവെന്നും എം കെ രാഘവന്‍ ആരോപിച്ചു.

 

ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടായിരുന്നു. വ്യാപക കള്ളവോട്ടെന്ന ആരോപണവുമായി കോണ്‍ഗ്രസും പിന്നാലെ സിപിഐഎമ്മും രംഗത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. സിപിഐഎം പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. രണ്ട് കൂട്ടരും രണ്ട് ഭാഗത്തായി തടിച്ചുകൂടി. ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി.

നിലവിലെ ഭരണസമിതിയില്‍ നിന്ന് ബാങ്ക് പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ഒരു പാനലിനെ കോണ്‍ഗ്രസ് അവതരിപ്പിച്ചത്. ഇക്കാലമത്രയും കോണ്‍ഗ്രസ് ഭരിച്ച ബാങ്കായിരുന്നു ചേവായൂര്‍ ബാങ്ക്. നിലവിലെ പാനലുമായി ഡിസിസി നേതൃത്വം പിണങ്ങുകയും ഔദ്യോഗിക പാനലിനെതിരെ കോണ്‍ഗ്രസ് മറ്റൊരു പാനലിനെ മത്സരിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് വിമതരുടെ പാനലിനെ പിന്തുണച്ച് സിപിഐഎമ്മും രംഗത്തെത്തി. ഇതോടെയാണ് തിരഞ്ഞെടുപ്പ് ചൂടുപിടിച്ചത്.

 

ബാങ്ക് ഭരണസമിതിയും ഡിസിസിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് പ്രതിസന്ധിക്ക് കാരണമായത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നടത്തിയ പരസ്യമായ ഭീഷണിയെ വകവയ്ക്കാതെയാണ് വിമതര്‍ കോണ്‍ഗ്രസ് പാനലിനെതിരെ മത്സരിക്കുന്നത്. 35,000 ത്തോളം അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസിന്റെ കൈവശമുളള പഴക്കമേറിയ ബാങ്കുകളിലൊന്നാണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി രണ്ട് തട്ടിലാണ്.

The post കോഴിക്കോട് ജില്ലയില്‍ നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button