നെന്മാറ ഇരട്ടക്കൊലക്കേസ്: ചെയ്ത കൃത്യത്തിൽ പ്രതി സന്തോഷവാൻ, കുറ്റബോധമില്ലെന്നും പാലക്കാട് എസ് പി

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റിലായ പ്രതി ചെന്താമരയെ കസ്റ്റഡിയിൽ വിട്ട് കിട്ടുന്നതിനായി കോടതിയിൽ അപേക്ഷ നൽകുമെന്ന് പാലക്കാട് എസ് പി അജിത് കുമാർ. കൊല നടത്തിയ പ്രദേശത്ത് തെളിവെടുപ്പ് നടത്തണം. 2019 മുതൽ സുധാകരന്റെ കുടുംബത്തോടെ പ്രതിക്ക് വൈരാഗ്യമുണ്ട്. ഭാര്യ പിരിഞ്ഞുപോയത് സജിതയുടെ കുടുംബം കാരണമാണെന്ന് പ്രതി കരുതി
പ്രതിക്ക് കുറ്റബോധമില്ലെന്നും ചെയ്ത കൃത്യത്തിൽ ഇയാൾ സന്തോഷവാനാണെന്നും പോലീസ് പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് പ്രതിയുടെ മൊഴി പോലീസ് വിശദീകരിച്ചത്. പ്രതിയെ പുറത്തുവിടാതിരിക്കാനുള്ള നടപടി പോലീസ് സ്വീകരിക്കും. വിചാരണ അതിവേഗം നടത്തി ശിക്ഷാ ഉറപ്പാക്കുമെന്നും എസ് പി പറഞ്ഞു.
ഇന്നലെ രാത്രി 10.30നാണ് പ്രതിയെ പിടികൂടിയത്. പല സ്ഥലങ്ങളിൽ നിന്ന് വിവരങ്ങൾ ലഭിച്ചു. വീടിന് സമീപത്തെ പാടത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. വിശദമായി ചോദ്യം ചെയ്തു. ഇനിയും കുറെ കാര്യങ്ങൾ സ്ഥിരീകരിക്കാനുണ്ട്. കൊല നടന്നത് രാവിലെ പത്ത് മണിക്കാണ്. കൊല ചെയ്ത ശേഷം സ്വന്തം വീട്ടിലെത്തി.
പിന്നീട് മലയുടെ ഭാഗത്തേക്ക് പോയി. രണ്ട് ദിവസം അവിടെ നിന്നു. പോലീസിന്റെ പരിശോധന ഇയാൾ നിരീക്ഷിച്ച് വരികയായിരുന്നു. ഭൂപ്രകൃതിയെ കുറിച്ച് പ്രതിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പ്രതി ശ്രമം നടത്തിയെന്നും എസ് പി പറഞ്ഞു.
The post നെന്മാറ ഇരട്ടക്കൊലക്കേസ്: ചെയ്ത കൃത്യത്തിൽ പ്രതി സന്തോഷവാൻ, കുറ്റബോധമില്ലെന്നും പാലക്കാട് എസ് പി appeared first on Metro Journal Online.