Kerala

രാജ്യത്ത് ആദ്യമായി വയോജന കമ്മീഷന്‍വരുന്നു; മാതൃകാപരമായ തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍

രാജ്യത്ത് ആദ്യമായി വയോജന കമ്മീഷന്‍ വരുന്നു. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാനത്തെ വയോജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനും വൃദ്ധ സദനങ്ങളിലേക്ക് പ്രായമായ മാതാപിതാക്കളെ തള്ളുന്നത് നിയന്ത്രിക്കുന്നതടക്കമുള്ള നിര്‍ണായക തീരുമാനങ്ങള്‍ ഓര്‍ഡിനന്‍സില്‍ ഉള്‍ക്കൊള്ളിക്കാനാണ് തീരുമാനം.

അവഗണനയും ചൂഷണവും അനാഥത്വവും അടക്കമുള്ള വയോജനതയുടെ ജീവിത പ്രയാസങ്ങള്‍ സംബന്ധിച്ച വര്‍ധിച്ചുവരുന്ന ഉത്കണ്ഠകള്‍ പരിഗണിച്ച് അവ അടിയന്തിരമായി അഭിസംബോധന ചെയ്യാനാണ് ഓര്‍ഡിനന്‍സിന് തീരുമാനിച്ചതെന്നും വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും വയോജനങ്ങളുടെ പുനരധിവാസം സാധ്യമാക്കുന്നതിനും അവരുടെ കഴിവുകള്‍ പൊതുസമൂഹത്തിന് ഉപയുക്തമാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതിനും അവകാശ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായാണ് വയോജന കമ്മീഷന്‍ രൂപീകരിക്കുന്നതെന്നും സി പി എമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദുവും പ്രസ്താവന ഇറക്കിയിട്ടുണ്ട്.

കമ്മീഷന്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യവസ്ഥ ചെയ്യുന്നതിനാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ തീരുമാനിച്ചത്.
കമ്മീഷനില്‍ സര്‍ക്കാര്‍ വിജ്ഞാപനം വഴി നിയമിക്കുന്ന ഒരു ചെയര്‍പേഴ്‌സണും മൂന്നില്‍ കവിയാത്ത എണ്ണം അംഗങ്ങളും ഉണ്ടായിരിക്കണമെന്നാണ് നിര്‍ദ്ദിഷ്ട ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്യുന്നത്.
ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെ കമ്മീഷനില്‍ നിയമിക്കപ്പെടുന്ന എല്ലാ അംഗങ്ങളും വയോജനങ്ങള്‍ ആയിരിക്കും. അവരില്‍ ഒരാള്‍ പട്ടികജാതികളിലോ പട്ടികഗോത്ര വര്‍ഗ്ഗങ്ങളിലോ പെട്ടയാളും മറ്റൊരാള്‍ വനിതയും ആയിരിക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

സര്‍ക്കാര്‍ അഡീഷണല്‍ സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഒരാളാവും കമ്മീഷന്‍ സെക്രട്ടറി. നിയമ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഒരാളെ കമ്മീഷന്‍ രജിസ്ട്രാറായും സര്‍ക്കാര്‍ ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഒരാളെ കമ്മീഷന്‍ ഫിനാന്‍സ് ഓഫീസറായും നിയമിക്കണമെന്നാണ് ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിട്ടുള്ളത്.
കമ്മീഷന്റെ ആസ്ഥാനം തിരുവനന്തപുരത്ത് ആയിരിക്കും.ചെയര്‍പേഴ്‌സന്റെയും അംഗങ്ങളുടെയും ഔദ്യോഗിക കാലാവധി അവര്‍ സ്ഥാനം ഏറ്റെടുത്ത തീയതി മുതല്‍ മൂന്ന് വര്‍ഷം വരെ ആയിരിക്കും.
കമ്മീഷന്റെ ദൈനംദിന കാര്യങ്ങളുടെ പൊതുവായ മേല്‍നോട്ടം, മാര്‍ഗ്ഗനിര്‍ദ്ദേശം, ഭരണനിര്‍വ്വഹണം എന്നിവ ചെയര്‍പേഴ്‌സണില്‍ നിക്ഷിപ്തമായിരിക്കും. ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതിന് അദ്ദേഹത്തെ മറ്റംഗങ്ങള്‍ സഹായിക്കും. ചെയര്‍പേഴ്‌സണ്‍ ഗവണ്‍മെന്റ് സെക്രട്ടറിയുടെ പദവിയുള്ള ഒരു പൂര്‍ണ്ണ സമയ ഉദ്യോഗസ്ഥനായിരിക്കും. നിര്‍ണ്ണയിക്കപ്പെടുന്ന പ്രകാരമുള്ള ശമ്പളത്തിനും ബത്തകള്‍ക്കും അര്‍ഹത ഉണ്ടായിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button