Kerala

ഇതൊക്കെ സാമ്പിള്‍ വെടിക്കെട്ട് ഇനിയാണ് പൂരം; സി പി എമ്മിനെ കുത്തിനോവിച്ച് പി വി അന്‍വര്‍

കരുനാഗപ്പള്ളിയിലെ പാര്‍ട്ടിക്കുള്ളിലുണ്ടായ പൊട്ടിത്തെറിയില്‍ സി പി എമ്മിനെ കുത്തിനോവിച്ച് പി വി അന്‍വര്‍ എം എല്‍ എ. സി പി എമ്മിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും രൂക്ഷമായ വിഭാഗിയത പുറത്തുവന്നിരിക്കുന്നതെന്നും പ്രതിസന്ധിയില്‍ പ്രതിസന്ധിയിലേക്കാണ് പാര്‍ട്ടി നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും പി വി അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. സി പി എമ്മിന്റെ ശക്തി കേന്ദ്രങ്ങളില്‍ സംഘ്പരിവാര്‍ ശക്തികള്‍ പിടിമുറുക്കുകയാണെന്നും സംസ്ഥാന പാര്‍ട്ടിയെ വ്യക്തിപരമായും കുടുംബപരമായും സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടിയും കുറേയാളുകള്‍ കയ്യടക്കിവെച്ചിരിക്കുകയാണെന്നും വ്യക്തമാക്കിയ അന്‍വര്‍ ഇതൊക്കെ സാമ്പിള്‍ വെടിക്കെട്ടുകളാണെന്നും വരാനിരിക്കുന്നതാണ് യഥാര്‍ഥ പൂരമെന്നും അഭിപ്രായപ്പെട്ടു.

 

അൻവറിന്ർെ ഫേസ്ബുക്ക് പോസ്റ്റിന്ർറെ പൂർണ രൂപം:

മുമ്പെങ്ങുമില്ലാത്തവിധം പ്രതിസന്ധിയില്‍നിന്നും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് കേരളത്തിലെ സിപിഐഎം. ഗുരുതരമായ തരത്തില്‍ അതിലെ ആഭ്യന്തര പ്രതിസന്ധി മൂര്‍ഛിക്കുകയാണ്. പാര്‍ട്ടിയുടെ സംസ്ഥാനത്തെ ശക്തികേന്ദ്രമായ കൊല്ലം ജില്ലയിലാണ് പാര്‍ട്ടിയെയാകെ നാണംകെടുത്തുംവിധമുള്ള രംഗങ്ങള്‍ അരങ്ങേറുന്നത്. ജില്ലയിലെ കരുനാഗപ്പള്ളി ഏരിയയ്ക്ക് കീഴിലെ പത്തു ലോക്കല്‍സമ്മേളനങ്ങളില്‍ ഏഴെണ്ണവും തര്‍ക്കത്തെതുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടിവന്നിരിക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രം സംഭവങ്ങള്‍ അരങ്ങേറുന്നത്. പലയിടത്തും കയ്യാങ്കളിയോളം കാര്യങ്ങളെത്തിയിരിക്കുകയാണ്. കുലശേഖരപുരം സൗത്ത് ലോക്കല്‍ സമ്മേളനം രണ്ടാംതവണയും നിര്‍ത്തിവെക്കേണ്ടിവന്നിരിക്കുകയാണ്.
ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസിന് മുന്നോടിയായി നടക്കേണ്ട സംസ്ഥാന സമ്മേളനം നടക്കേണ്ട ജില്ലകൂടിയായ കൊല്ലത്താണ് ഇത്തരം രംഗങ്ങള്‍ അരങ്ങേറുന്നത്.
സംസ്ഥാന നേതാക്കളെവരെ പൂട്ടിയിട്ട് പ്രതിഷേധിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ വളര്‍ന്നിരിക്കുകയാണ്. നേതാക്കള്‍ക്കെതിരെ ഗുരുതര ലൈംഗിക, അഴിമതി ആരോപണങ്ങളാണ് ഉയരുന്നത്.

അഴിമതിക്കാരായവരെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്ന് മാറ്റണമെന്ന ആവശ്യമുയര്‍ത്തിയാണ് പ്രതിഷേധം. കരുനാഗപ്പള്ളിയിലെ പാര്‍ട്ടിയില്‍ ഒന്നാകെ അഴിമതിയുടെ കൂത്തരങ്ങായി മാറിയിട്ടുണ്ടെന്നും പണവും സമ്പത്തും ബാറുമെല്ലാമുള്ളവരാണ് കരുനാഗപ്പള്ളിയില്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നതെന്നും പാവങ്ങളുടെ പേരുപറഞ്ഞ് ഇവര്‍ പ്രസ്ഥാനത്തെ വഞ്ചിക്കുകയാണെന്നും ഇത് വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്നും സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ തുറന്നുപറയുന്ന തരത്തിലേക്ക് കാര്യങ്ങള്‍ വളര്‍ന്നിരിക്കുന്നു.
അവസാനം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ഇന്നു ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ കരുനാഗപ്പള്ളി ഏരിയ കമ്മറ്റി പിരിച്ചുവിടുന്നതിലേക്കും അഡ്‌ഹോക്ക് കമ്മറ്റി രൂപീകരണത്തിലേക്കും എത്തിയിരിക്കുകയാണ്.

സിപിഎമ്മിന്റെ സ്വാധീനമേഖലയില്‍ സംഘപരിവാരം പിടിമുറുക്കുകയാണ്. വിദ്യാര്‍ഥി യുവജന പ്രസ്ഥാനത്തിന്റെ ഉന്നത നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചവര്‍പോലും യാതൊരു പ്രത്യയശാസ്ത്ര ബോധവുമില്ലാതെ സംഘപരിവാര്‍ കൂടാരങ്ങളിലേക്ക് പോകുന്ന കാഴ്ചയും സിപിഎം അകപ്പെട്ട ആഭ്യന്തര പ്രതിസന്ധിയുടെ ഭാഗമാണ്.
പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ കൊല്ലത്തും ആലപ്പുഴയിലുമൊക്കെയാണ് ഇത്തരം കാര്യങ്ങള്‍ ഉയര്‍ന്നുവരുന്നതെന്നത് പ്രശ്‌നങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് ഇവിടംകൊണ്ടവസാനിക്കുന്നില്ല.

സംസ്ഥാന പാര്‍ട്ടിയെ വ്യക്തിപരമായും കുടുംബപരമായും സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടിയും കുറേയാളുകള്‍ കയ്യടക്കിവെച്ചിരിക്കുകയാണ്. നാളെ ഇത് സംസ്ഥാനമാകെ വ്യാപിക്കാന്‍പോവുകയാണ്. അതിന്റെ മുന്നോടിയായുള്ള സാമ്പിള്‍ വെടിക്കെട്ടുകളാണ് ഇപ്പോള്‍ ഉയരുന്നത്. യഥാര്‍ഥ പൂരം വരാനിരിക്കുന്നേയുള്ളൂ.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button