പ്രിലിമിനറി പരീക്ഷ റദ്ദാക്കണം; മരണം വരെ നിരാഹാരം കിടക്കുമെന്ന് പ്രശാന്ത് കിഷോര്‍

കഴിഞ്ഞ മാസം നടന്ന പ്രിലിമിനറി പരീക്ഷകളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തണമെന്നും ആവശ്യപ്പെട്ട് ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (ബി പി എസ് സി)ക്കെതിരെ സമരം പ്രഖ്യാപിച്ച് പ്രശാന്ത് കിഷോര്‍. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ് ജന്‍ സൂരജ് പാര്‍ട്ടി സ്ഥാപകന്‍ കൂടിയായ പ്രശാന്ത് കിഷോര്‍. ഉദ്യോഗാര്‍ഥികളുടെ പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്നും പിന്നീട് നമുക്ക് രാഷ്ട്രീയം കളിക്കാമെന്നുമാണ് കിഷോര്‍ വ്യക്തമാക്കുന്നത്.
തലസ്ഥാനമായ പാട്നയിലെ ഗാന്ധി മൈതാനത്താണ് പ്രശാന്ത് കിഷോര്‍ നിരാഹാര സമരം നടത്തുന്നത്. ബി പി എസ് സി ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം അംഗീകരിക്കുന്നില്ലെങ്കില്‍ മരണം വരെ നിരാഹാര സമരം കിടക്കുമെന്നാണ് പ്രശാന്ത് കിഷോര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രിലിമിനറി പരീക്ഷകള്‍ റദ്ദാക്കി പുനപരീക്ഷ നടത്തണം എന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം.
കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധക്കാര്‍ക്കൊപ്പം ചേര്‍ന്ന പ്രശാന്ത് കിഷോര്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ജോലികളുമായി ബന്ധപ്പെട്ട് അഴിമതിയും ആരോപിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിന് 48 മണിക്കൂറിന്റെ സമയവും അദ്ദേഹം നല്‍കിയിരുന്നു. ഈ സമയത്തിനിടയില്‍ പ്രശ്‌നം പരിഹരിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍, ഇത് അംഗീകരിക്കാതിരുന്നതോടെയാണ് സമരവുമായി അദ്ദേഹം രംഗത്തെത്തിയത്.
The post പ്രിലിമിനറി പരീക്ഷ റദ്ദാക്കണം; മരണം വരെ നിരാഹാരം കിടക്കുമെന്ന് പ്രശാന്ത് കിഷോര്‍ appeared first on Metro Journal Online.