Gulf

ദമാമില്‍ പ്രവാസി സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഹൃദയാഘാതത്താല്‍ മരിച്ചു

ദമാം: സൗദിയിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്ന കൊല്ലം സ്വദേശി ഹൃദയാഘാതത്താല്‍ മരിച്ചു. ഒഐസിസി കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി ഷിബു ജോയ്(46) ആണ് ഇന്നലെ രാവിലെ മരിച്ചത്. ജോലിസ്ഥലത്ത് വെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഷിബുവിനെ ദമാമിലെ തദാവി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊല്ലം ചുറ്റുമല കരിന്തോട്ടുവ സ്വദേശിയായ ഷിബു ജോയ് വെസ്‌കോസ കമ്പനിയിലെ ജീവനക്കാരനായിരുന്നു. രണ്ട് പതിറ്റാണ്ടോളമായി സൗദി അറേബ്യയില്‍ പ്രവാസി ജീവിതം നയിക്കുന്ന ഷിബു ദമാമിലെ എഐസിസി രൂപീകരണ കാലംമുതല്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. സംഘടനയുടെ സൈബര്‍ ഇടങ്ങളിലെ മുഖമായിരുന്ന ഈ യുവാവ് സാമൂഹിക സാംസ്‌കാരിക രംഗത്തും നിറസാന്നിധ്യമായിരുന്നു. ഷിബുവിന്റെ മരണവിവരം അറിഞ്ഞ് നേതാക്കള്‍ ആശുപത്രിയിലേക്ക് എത്തിയിരുന്നു. ഒഐസിസി ജില്ലാ കമ്മിറ്റി മരണത്തില്‍ അനുശോചനവും രേഖപ്പെടുത്തി. ഭാര്യ: സോനു. രണ്ട് മക്കളുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button