കാളികാവിൽ ടാപ്പിംഗ് തൊഴിലാളിയെ കൊന്നത് കടുവ; കഴുത്തിൽ കടിച്ചു വലിച്ചുകൊണ്ടുപോയി, നാട്ടുകാർ പ്രതിഷേധിക്കുന്നു

മലപ്പുറം കാളികാവിൽ ടാപ്പിംഗ് തൊഴിലാളിയായ യുവാവ് കൊല്ലപ്പെട്ടത് കടുവയുടെ ആക്രമണത്തിൽ. ചോക്കാട് കല്ലാമുല സ്വദേശി ഗഫൂറാണ്(39) മരിച്ചത്. ഇന്ന് പുലർച്ചെ അടക്കാക്കുണ്ട് റാവുത്തൻ കാട്ടിൽ സ്വകാര്യ സ്ഥലത്താണ് സംഭവം. ഗഫൂറിനെ കടുവ കടിച്ചു കൊണ്ടുപോകുന്നത് കണ്ടതായി മറ്റൊരു ടാപ്പിംഗ് തൊഴിലാളി സമദ് നാട്ടുകാരെ അറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഗഫൂറിന്റെ മൃതദേഹം കണ്ടത്. ഗഫൂറിനെ കഴുത്തിൽ കടിച്ച് വനത്തിലേക്ക് കൊണ്ടുപോയെന്നാണ് പറയുന്നത്. വനാതിർത്തിയിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരെയാണ് സംഭവം നടന്നത്. നേരത്തെ മുതൽ പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും വളർത്തു മൃഗങ്ങളെയടക്കം കൊന്നിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.
സംഭവത്തിന് പിന്നാലെ കാളികാവിൽ നാട്ടുകാർ പ്രതിഷേധിക്കുകയാണ്. ഗഫൂറിന്റെ മൃതദേഹം കൊണ്ടുപോകുന്നതിന് മുമ്പ് കടുവയെ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഡിഫ്ഒയെ നാട്ടുകാർ തടഞ്ഞു. കടുവയെ വെടിവെച്ച് കൊല്ലണമെന്നാണ് ഇവരുടെ ആവശ്യം.
The post കാളികാവിൽ ടാപ്പിംഗ് തൊഴിലാളിയെ കൊന്നത് കടുവ; കഴുത്തിൽ കടിച്ചു വലിച്ചുകൊണ്ടുപോയി, നാട്ടുകാർ പ്രതിഷേധിക്കുന്നു appeared first on Metro Journal Online.