Kerala

മരണത്തിന് ക്യൂ നിന്ന് ടിക്കറ്റെടുത്തവൻ അഹമദ്

ഇത്തിരി കപ്പ പുഴുങ്ങിയതും മീൻ കറിയുമുണ്ടെങ്കിൽ പഴയ തലമുറയ്ക്ക് സമീകൃതാഹാരമായിരുന്നു. ഈ സമീകൃതാഹാരത്തോടൊപ്പം പക്ഷേ, അവരാരും പാലൊഴിച്ചുള്ള ചായയോ കാപ്പിയോ ഉപയോഗിച്ചിരുന്നില്ല. പാലും മത്സ്യ മാംസാദികളും വിരുദ്ധ ഭക്ഷണമാണെന്ന്, കുടലിനെ കേടു വരുത്തുമെന്ന് അറിയാവുന്നവരായിരുന്നു അവർ. അതു കൊണ്ടു തന്നെ പച്ചക്കപ്പയും കട്ടൻ കാപ്പിയും എന്ന പ്രയോഗം തന്നെ മലയാളത്തിൽ പ്രചുര പ്രചാരം നേടി അക്കാലത്ത്.

ഇന്ന് കാലം മാറി. കഥകൾ പലതു പുതുതായി പുനർജനിച്ചു. പക്ഷേ, അത്ര സുഖമുള്ളതല്ല ആ ജീവിത കഥകളെന്നതാണ് സത്യം. കപ്പയും മീനും മധുരക്കിഴങ്ങും ചേമ്പും ചേനയും കാച്ചിലുമൊക്കെ പുച്ഛിച്ചു തള്ളുന്ന പുതു തലമുറയെ ആവേശഭരിതരാക്കി കൊണ്ട് ലോകമെമ്പാടും കെഎഫ്സി ചിക്കനും പെപ്സിയും കോളയുമൊക്കെ പറന്നു നടക്കുകയല്ലേ ഇപ്പോൾ!

അപ്പോൾ പിന്നെ നമ്മുടെ നാടൻ ഭക്ഷണങ്ങളെ അവരെങ്ങനെ ഇഷ്ടപ്പെടാൻ?

പക്ഷേ, ജീവിതം ജീവിച്ചു തീർക്കാൻ ആശയുണ്ടെങ്കിൽ ജങ്ക് ഫുഡുകൾ ഒന്നടങ്കം ഉപേക്ഷിച്ചേ തീരൂ എന്ന് ഒരു മലയാളി യുവാവ് തന്‍റെ മരണക്കിടക്കയിൽ കിടന്നു പറഞ്ഞെഴുതിച്ച പോസ്റ്റാണ് ഇപ്പോൾ എഫ് ബിയിൽ വൈറലാകുന്നത്. കണ്ണീരോടെയല്ലാതെ കെഎഫ്സി ചിക്കനും പെപ്സിയും കഴിച്ച് ക്യാൻസർ രോഗിയായ യുവാവിന്‍റെ ആ പോസ്റ്റ് വായിക്കാനാകില്ല.

അഞ്ചു വർഷം കൊണ്ട് കാശു കൊടുത്ത് കുടലിനു ക്യാൻസറിനെ വാങ്ങി നൽകിയ അഹമദ് എന്ന യുവാവിന്‍റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ:

സഹോദരാ, എന്‍റെ പേര് അഹമദ്.

ഈ എഴുത്ത് നിങ്ങളുടെ കൈകളില്‍ എത്തുമ്പോള്‍ ഒരു പക്ഷെ ഞാനീ ലോകത്ത് ഉണ്ടാവില്ല. ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലും മറ്റു വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ തന്നെ വന്‍ നഗരങ്ങളിലും തിരക്ക് പിടിച്ച ജോലി ചെയിതു ജീവിക്കുന്ന എന്‍റെ സഹോദരങ്ങളായ മലയാളികള്‍ക്ക് വേണ്ടിയാണു ഞാന്‍ എന്‍റെ അനുഭവകഥ എഴുതുന്നത്‌.

ആദ്യമായി സ്വയം പരിചയപ്പെടുത്താം. എന്‍റെ പേര് അഹമദ്. തൃശൂര്‍ ജില്ലയിലാണ് എന്‍റെ വീട്. നല്ല ആരോഗ്യം. ബി എ വിദ്യാഭ്യാസം. അല്ലലില്ലാത്ത കുടുംബം. എന്‍റെ ഇരുപത്തിനാലാം വയസില്‍ ഞാന്‍ ജോലി തേടി സൗദി അറേബ്യയില്‍ എത്തി. ആറു മാസത്തിനുള്ളില്‍ തന്നെ എനിക്ക് ഒരു ഇന്‍റര്‍നാഷണല്‍ കൊറിയര്‍ കമ്പനിയില്‍ ജോലിയും ലഭിച്ചു. രണ്ടു വര്‍ഷത്തിനു ശേഷം നാട്ടില്‍ പോയി വിവാഹം കഴിച്ചു. ഭാര്യ ബി. എഡ്. ബിരുധധാരിണി.

വിവാഹ ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ റിയാദില്‍ താമസമാക്കി. വൈകാതെ തന്നെ അവള്‍ക്കു റിയാദിലെ ഒരു ഇന്ത്യന്‍ സ്കൂളില്‍ ജോലിയും ലഭിച്ചു. കൂടാതെ ഞങ്ങള്‍ക്കൊരു മോനും. എല്ലാവരുടേതും പോലെ, സന്തോഷത്തോടു കൂടി ഞങ്ങളുടെ ജീവിത നൌകയും മുന്നോട്ടു കുതിച്ചു. രാവിലെ ഞാനും ഭാര്യയും ഡാനിഷ് ബട്ടറും ബ്രെഡും ചായയും കഴിച്ചു ജോലിക്ക് പുറപ്പെടും. രാത്രിയടക്കം പിന്നീടുള്ള ഭക്ഷണം മിക്കവാറും ഫാസ്റ്റ്ഫുഡ് തന്നെയായി. ചിലപ്പോള്‍ കെ.എഫ്.സീ ചിക്കനും പെപ്സിയും. ക്രമേണ അതൊഴിവാക്കാനാകത്ത വിധം ദിനചര്യയായി മാറി.

ഏതാണ്ട് അഞ്ച് വര്‍ഷത്തോളം സ്ഥിരമായി ഞാന്‍ ഉച്ചക്ക് കെ.എഫ് സി യാണ് കഴിച്ചത്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമായി കെ എഫ് സി മാറി. വല്ലപ്പോഴും പാചകം ചെയ്തുകഴിക്കുന്നത് തന്നെ അരോചകമായി. മിക്കവാറും ദിവസങ്ങളില്‍ ഫാസ്റ്റ് ഫുഡ്‌ ഷോപ്പില്‍ നിന്ന് ഞാന്‍ ഓര്‍ഡര്‍ ചെയ്യുകയാണ് പതിവ്. അതില്‍ സമയത്തിന്‍റെയും അധ്വാനത്തിന്‍റെയും ലാഭം ഞങ്ങള്‍ക്കുണ്ടായിരുന്നു. ആ സമയം ഒവര്‍ടൈമും ട്യൂഷനും വഴി പണമാക്കിമാറ്റാനും ഞങ്ങള്‍ക്ക് കഴിഞ്ഞു.

അന്നൊരു വെള്ളിയാഴ്ച, എനിക്ക് നാടന്‍ ചോറ് കഴിക്കാന്‍ പുതിയ ഒരാഗ്രഹം. ഭാര്യയോട്‌ പറഞ്ഞപ്പോള്‍, അവള്‍ നല്ല ചോറും കറിയും ഉപ്പേരിയും പപ്പടം വറുത്തതും ഉണ്ടാക്കി. ജുമുഅ നമസ്കാരം കഴിഞ്ഞ് ഞങ്ങള്‍ സന്തോഷത്തോടു കൂടി ഭക്ഷണം കഴിച്ചു. അരമണിക്കൂറിനകം ഞാന്‍ ചര്‍ദ്ദിക്കാന്‍ തുടങ്ങി. അടുത്തുള്ള ക്ലിനിക്കില്‍ പോയി ഡോക്റ്ററെ കാണിച്ചു മരുന്ന് കഴിച്ചു. അടുത്ത വെള്ളിയാഴ്ചയും ചോറ് കഴിച്ചപ്പോള്‍ വീണ്ടും ഛർദ്ദിച്ചു. കൂടാതെ വയറിലൊരു വല്ലാത്ത അസ്വസ്ഥതയും.

ഹോസ്പിറ്റലില്‍ പോയി എല്ലാവിധ പരിശോധനകളും നടത്തിയപ്പോള്‍, ആ ഞെട്ടിക്കുന്ന യാഥാർഥ്യം ഞാന്‍ അറിഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാത്ത സത്യം. എന്‍റെ കുടലിനെ കാന്‍സര്‍ ബാധിച്ചിരിക്കുന്നു. റിയാദ് ഹോസ്പിറ്റലിലെ ഈജിപ്തുകാരനായ ഡോക്റ്റര്‍ എന്നോട് പറഞ്ഞത്, ഇത്ര ആരോഗ്യവാനായ നിങ്ങള്‍ക്ക് ഈ രോഗം വരാന്‍ കാരണം, തെറ്റായ ഭക്ഷണക്രമമാണ് എന്നാണ്. കെ എഫ് സിയും പെപ്സിയും സഥിരമായി കഴിച്ചതാണത്രെ കാരണം. ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കിയ ഒരുകാര്യം എന്‍റെ രോഗത്തിന് ഹേതുവായിരിക്കുന്നു.

ഞാനും ഭാര്യയും ഉടനെ തന്നെ ലീവിന്നപേക്ഷിച്ച് നാട്ടിലെത്തി ചികിത്സ തുടങ്ങി. എറണാകുളം ലേക് ഷോറില്‍ നടത്തിയ ടെസ്റ്റുകളും ചികിത്സയും എന്‍റെ ജീവിതത്തിന് കാലാവധി പറഞ്ഞിട്ടാണ് തുടങ്ങിയത്. ആറുമാസംവും രണ്ട് ലക്ഷം രൂപയുടെ ചികിത്സയും. പണമെന്‍റെ കയ്യില്‍ ബാക്കിയായിരുന്നു. അപ്പോഴേക്കും രോഗം മൂർച്ഛിച്ചു കഴിഞ്ഞിരുന്നു. ഞാന്‍ ഇതെഴുതിക്കുമ്പോള്‍ മൂന്നാമത്തെ കീമോയും കഴിഞ്ഞ് കിടക്കുകയാണ്. ബാക്കി മൂന്നെണ്ണത്തിന് ഞാന്‍ ബാക്കിയാകുമോയെന്ന് ദൈവത്തിന് മാത്രമറിയാം. എന്‍റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞു എന്ന് ഡോക്റ്റര്‍മാരുടെ സംസാരത്തില്‍ നിന്നും ഭാര്യയുടെയും ബന്ധുക്കളുടെയും പെരുമാറ്റത്തില്‍ നിന്നും എനിക്ക് ബോധ്യപ്പെട്ടു.

സുഹൃത്തുക്കളെ എനിക്ക് നിങ്ങളോട് ഉപദേശിക്കാന്‍ ഉള്ളത് എന്‍റെ അനുഭവം ഒരു പാഠമായി ഉള്‍ക്കൊണ്ട്, എത്ര തിരക്ക് പിടിച്ച ജോലിക്കിടയിലും ഇതു പോലെയുള്ള ഫാസ്റ്റ് ഫുഡ്‌ കഴിക്കാതെ വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ മാത്രം കഴിക്കുക.

The post മരണത്തിന് ക്യൂ നിന്ന് ടിക്കറ്റെടുത്തവൻ അഹമദ് appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button