ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കി ഹണി റോസ്; നിയമ വ്യവസ്ഥയില്‍ വിശ്വസിക്കുന്നുവെന്നും നടി

ബോബി ചെമ്മണ്ണൂരിനെതിരെ മലയാളി നടി ഹണി റോസ് പരാതി നല്‍കി. തന്നെ അശ്ലീലമായി അധിക്ഷേപിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളാണ് ബോബിക്കെതിരെ നടി പരാതി നല്‍കിയത്. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തിയാണ് നടി പരാതി നല്‍കിയത്. പിന്നീട് വിശദമായ കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുകയും ചെയ്തു.
ബോബി ചെമ്മണ്ണൂര്‍, താങ്കള്‍ എനിക്കെതിരെ തുടര്‍ച്ചയായി നടത്തിയ അശ്‌ളീല അധിക്ഷേപങ്ങള്‍ക്കെതിരെ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കുട്ടാളികള്‍ക്കെതിരെയുള്ള പരാതികള്‍ പുറകെ ഉണ്ടാവും. താങ്കള്‍ താങ്കളുടെ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കൂ, ഞാന്‍ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു- എന്നാണ് ഹണി റോസ് ഇന്‍സ്റ്റഗ്രാമില്‍ ഇട്ട പോസ്റ്റില്‍ പറയുന്നത്.
അതിനിടെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചുവെന്ന നടിയുടെ പാതിയില്‍ ഫെയ്‌സ്ബുക്കില്‍ നിന്ന് പോലീസ് വിവരങ്ങള്‍ തേടി. പരാതിയില്‍ മൊഴി നല്‍കിയ ഹണി റോസ് ഇന്‍സ്റ്റഗ്രാമിലടക്കം തനിക്കെതിരെ വന്ന അധിക്ഷേപ കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് പൊലീസിന് കൈമാറിയിരുന്നു. അശ്ലീല കമന്റിട്ട 20 പേരെ തിരിച്ചറിഞ്ഞെന്നും നടപടി തുടരുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പ്രതികരിച്ചു.
അതേസമയം സ്വര്‍ണ്ണവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനിടയില്‍ ഉടമ നടത്തിയ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ക്കും കമന്റുകള്‍ക്കെതിരെ നടി പരാതി നല്‍കിയിട്ടില്ലെന്നും കമ്മീഷണര്‍ പുട്ട വിമലാദിത്യ വ്യക്തമാക്കി. സ്വര്‍ണ്ണവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനിടയില്‍ ഉടമ നടത്തിയ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ക്കും കമന്റുകള്‍ക്കെതിരെ നടി ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചിരുന്നു. ഈ പോസ്റ്റിന് താഴെയാണ് ആള്‍ക്കൂട്ടത്തിന്റെ സൈബര്‍ അധിക്ഷേപം പരിധികള്‍ വിട്ടത്. സൈബര്‍ അധിക്ഷേപത്തിനെതിരെ നടി പൊലീസില്‍ പരാതി നല്‍കി. പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയ താരം തന്റെ പോസ്റ്റിന് താഴെ വന്ന അശ്ലീല കമന്റുകളുടെ സ്‌ക്രീന്‍ഷോട്ടടക്കം കൈമാറി.