Kerala

സോപ്പിന്‍റെയും ഷാംപൂവിന്‍റെയും വില കൂടും – Metro Journal Online

കൊച്ചി: ഉത്പാദന ചെലവിലെ കനത്ത വർധന കണക്കിലെടുത്ത് കണ്‍സ്യൂമര്‍ ഉത്പന്നങ്ങളുടെ വില ഉയര്‍ത്താന്‍ പ്രമുഖ ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്സ് (എഫ്എംസിജി) കമ്പനികള്‍ ഒരുങ്ങുന്നു. ഇന്ധന, അസംസ്കൃത സാധനങ്ങള്‍ എന്നിവയുടെ വില വർധനയ്ക്കൊപ്പം ജീവനക്കാരുടെ കൂലിച്ചെലവും കൂടിയതും എഫ്എംസിജി കമ്പനികളുടെ പ്രവര്‍ത്തന ലാഭത്തെ പ്രതികൂലമായി ബാധിക്കുകയാണ്.

നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയിലെ (എന്‍എസ്ഇ 100) 100ല്‍ 48 കമ്പനികള്‍ക്കും പ്രതീക്ഷിച്ച വില്‍പ്പനയും ലാഭവും ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ നേടാനായില്ലെന്ന് ആഗോള ഏജന്‍സിയായ ബെർണസ്റ്റീന്‍റെ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാലയളവില്‍ ലിസ്റ്റഡ് കമ്പനികളുടെ അറ്റാദായത്തില്‍ 3.4% ഇടിവുണ്ടായി. മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനികളുടെ ലാഭത്തില്‍ 40% വർധനയുണ്ടായിരുന്നു.

ക്രൂഡ് ഓയില്‍, വെളിച്ചെണ്ണ, പാമോയില്‍, കാര്‍ഷിക ഉത്പന്നങ്ങള്‍ എന്നിവയുടെ വിലയില്‍ അസാധാരണ വർധനയാണ് കഴിഞ്ഞ മാസങ്ങളിലുണ്ടായത്. ഇതോടെ ഉത്പാദന ചെലവ് താങ്ങാനാകാത്ത സ്ഥിതിയാണെന്ന് കമ്പനികള്‍ പറയുന്നു. പായ്ക്ക് ചെയ്ത തേയില, സുഗന്ധവ്യഞ്ജനങ്ങള്‍, ഭക്ഷ്യ എണ്ണകള്‍, മസാലപ്പൊടികള്‍, പയര്‍ വര്‍ഗങ്ങള്‍ എന്നിവയുടെ വില കഴിഞ്ഞ ദിവസങ്ങളില്‍ വർധിപ്പിച്ചു. സോപ്പ്, ഷാംപൂ, സൗന്ദര്യവർധന ഉത്പന്നങ്ങള്‍, ഹെയര്‍ ഓയില്‍ തുടങ്ങിയവയുടെയും വില കൂടും.

ലാഭം ഇടിയുന്നു

നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം ത്രൈമാസക്കാലയളവില്‍ പ്രമുഖ എഫ്‌എംസിജി കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്‍റെ അറ്റാദായം 4% ഇടിഞ്ഞ് 2,612 കോടി രൂപയായി. ഇക്കാളയളവില്‍ വരുമാനത്തില്‍ 1.5% വർധനയുണ്ടായെങ്കിലും ഉത്പാദന ചെലവ് ഗണ്യമായി കൂടിയതാണ് തിരിച്ചടിയായത്. മാരികോ, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്റ്ര്സ്, ഡാബര്‍ തുടങ്ങിയ കമ്പനികള്‍ക്കും പ്രതീക്ഷിച്ച വളര്‍ച്ച നേടാനായില്ല.

ഇതിനിടെ വിപണിയിലെ തളര്‍ച്ചയും കമ്പനികള്‍ക്ക് വലിയ വെല്ലുവിളിയാണ്. കാലാവസ്ഥ വ്യതിയാനം, ഗ്രാമീണ ഉപയോഗത്തിലെ ഇടിവ്, അനിയന്ത്രിയമായ വിലക്കയറ്റം, ഉയര്‍ന്ന പലിശ നിരക്ക് എന്നിവയെല്ലാം കണ്‍സ്യൂമര്‍ ഉത്പന്ന വിപണിക്ക് വെല്ലുവിളി സൃഷ്ടിക്കുകയാണ്. ഇത്തവണ കാലം തെറ്റി പെയ്ത മഴയിലും അതിവര്‍ഷത്തിലും ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും പ്രധാന കാര്‍ഷിക ഉത്പാദന മേഖലകളില്‍ കനത്ത വിളനാശമാണുണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button