WORLD

ആരാകും അടുത്ത മാർപാപ്പ; സാധ്യതയുള്ള കർദിനാൾമാർ ആരൊക്കെ, ഉറ്റുനോക്കി ലോകം

ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തതോടെ ആരാകും അദ്ദേഹത്തിന്റെ പിൻഗാമി എന്ന കാത്തിരിപ്പിലാണ് ലോകം. ബെനഡിക്ട് പതിനാറാമൻ അപ്രതീക്ഷിതമായി പോപ് പദവിയിൽ നിന്ന് രാജിവെച്ചതോടെയാണ് 2013 മാർച്ച് 13ന് അർജന്റീനയിൽ നിന്നുള്ള കർദിനാൾ ജോർജ് മരിയോ ബെർഗോളിയോ എന്ന ഫ്രാൻസിസ് 266ാമത്തെ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്.

മാർപാപ്പയുടെ വിയോഗത്തിൽ 9 ദിവസത്തെ ദുഃഖാചരണമുണ്ടാകും. ഇതിന് ശേഷമാകും പുതിയ പോപ്പിനെ കണ്ടെത്താനുള്ള പാപ്പൽ കോൺക്ലേവ് നടക്കുക. 80 വയസിൽ താഴെയുള്ള 138 കർദിനാൾമാർക്ക് മാത്രമാണ് കോൺക്ലേവിൽ വോട്ട് ചെയ്യാൻ അവകാശമുണ്ടാകുക. ഇന്ത്യയിൽ നിന്നുള്ള നാല് കർദിനാൾമാരും വോട്ടെടുപ്പിൽ പങ്കെടുക്കും

കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്ക ബാവ, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്, കർദിനാൾ ഫിലിപ് നെറി ഫെറാറോ, കർദിനാൾ ആന്റണി പൂല എന്നിവരാണ് ഇന്ത്യയിൽ നിന്നും കോൺക്ലേവിൽ പങ്കെടുക്കുക.

പുതിയ മാർപാപ്പയായി വരാൻ സാധ്യതയുള്ളവരിൽ കർദിനാൾ പീറ്റർ ഏർഡോ, കർദിനാൾ മാരിയോ ഗ്രെക്, കർദിനാൾ യുവാൻ യോസെ ഒമെല്ല, കർദിനാൾ പിയത്രോ പരോളിൻ, കർദിനാൾ ലൂയി അന്റോണിയോ ഗോക്കിം ടാഗ്ലെ, കർദിനാൾ ജോസഫ് ടോബിൻ, കർദിനാൾ പീറ്റർ കൊട് വോ ടർക്‌സൺ, കർദിനാൾ മറ്റിയോ മരിയ സുപ്പി എന്നിവർക്കാണ് മുൻതൂക്കമുള്ളത്

ഹംഗറിയിൽ നിന്നുള്ള കർദിനാളാണ് പീറ്റർ ഏർഡോ(72). യാഥാസ്ഥിതിക, പുരോഗമന പക്ഷ വാദികൾക്ക് ഒരുപോലെ പ്രിയങ്കരനാണ് അദ്ദേഹം. കുടിയേറ്റ നിലപാടിൽ ഫ്രാൻസിസ് മാർപാപ്പയുടെ ആശയങ്ങളോട് ഏർഡോ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. കർദിനാൾ മാരിയോ ഗ്രെക് (68) മാൾട്ടയിൽ നിന്നുള്ള കർദിനാളാണ്. ഫ്രാൻസിസ് മാർപാപ്പ തുടക്കമിട്ട നവീകരണ പ്രവർത്തനങ്ങളുടെ മുൻനിരയിൽ പ്രവർത്തിക്കുന്ന പുരോഹിതൻ കൂടിയാണ് അദ്ദേഹം

യുവാൻ യോസെ ഒമെല്ല(79) സ്‌പെയിനിൽ നിന്നുള്ള കർദിനാളാണ്. സഭ പാവങ്ങൾക്ക് വേണ്ടി നിലനിൽക്കണമെന്ന വാദമുള്ള പുരോഹിതൻ. ഫ്രാൻസിസ് മാർപാപ്പയുടെ നയങ്ങൾ പിന്തുടരണമെന്ന് ആഗ്രഹിക്കുന്ന കർദിനാൾ. ഇറ്റാലിയൻ കർദിനാളാണ് പിയത്രോ പരോളിൻ(70). നിലവിൽ വത്തിക്കാന്റെ സ്‌റ്റേറ്റ് സെക്രട്ടറിയാണ്.

ഫിലിപ്പീൻസിൽ നിന്നുള്ള കർദിനാളാണ് ഗോക്കിം ടാ്ഗലെ(67). കർദിനാൾ ജോസഫ് ടോബിൻ(72) അമേരിക്കയിൽ നിന്നുള്ള ആളാണ്. എൽജിബിടിക്യൂ സമൂഹത്തിന്റെ അവകാശങ്ങളെ പരസ്യമായി പിന്തുണക്കുന്ന കർദിനാളാണ്. പീറ്റർ കൊട് വോ ടർകസ്ൺ(76) ആഫ്രിക്കയിൽ നിന്നുമുള്ള ആദ്യ മാർപാപ്പയാകാൻ സാധ്യതയുള്ള പുരോഹിതനാണ്. ഘാന സ്വദേശിയാണ്. കർദിനാൾ മറ്റിയോ മരിയ സുപ്പി(69) ഇറ്റലിയിൽ നിന്നുള്ള പുരോഹിതനാണ്. ആഡംബര ജീവിതം പൂർണമായും ഉപേക്ഷിച്ച് സാധാരണ ജനങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന കർദിനാളാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button