പത്തനംതിട്ട പോക്‌സോ കേസില്‍ പുതിയ അന്വേഷണസംഘം; ആറ് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി

പത്തനംതിട്ട പോക്‌സോ കേസില്‍ പുതിയ അന്വേഷണസംഘം രൂപീകരിച്ചു. ഡിഐജി അജിതാ ബീഗം അന്വേഷണ സംഘത്തെ നയിക്കും. പത്തനംതിട്ട എസ്പി വി ജി വിനോദ് കുമാര്‍, ഡിവൈഎസ്പി എസ് നന്ദകുമാര്‍ എന്നിവരടക്കം 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. കേസില്‍ ആറ് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം 26 ആയി.
കഴിഞ്ഞദിവസം അറസ്റ്റിലായ ഇലവുംതിട്ട സ്വദേശി സുബിന്‍ ആണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. ദളിത് വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടിയുടെ മൊഴി പ്രകാരം 64 പേരാണ് അപൂര്‍വ്വമായ പീഡനകേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
പ്രതികളിലെ 42 പേരുടെ ഫോണ്‍ നമ്പര്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ ഫോണില്‍ നിന്ന് തന്നെയാണ് ലഭിച്ചത്. ഇതില്‍ ആദ്യ പരിശോധനയില്‍ തന്നെ. പീഡനത്തില്‍ ഉള്‍പ്പെട്ടുവെന്ന് പോലീസ് ഉറപ്പിച്ച 5 പേരെ ഇന്നലെ തന്നെ ഇലവുംതിട്ട പോലീസ് സ്റ്റേഷനില്‍ അറസ്റ്റ് രേഖപ്പെടുത്തി. ഇതില്‍ സുബിന്‍ എന്ന ആളാണ് പെണ്‍കുട്ടിയുമായി ആദ്യം സൗഹൃദത്തില്‍ ഏര്‍പ്പെടുന്നത്. നഗ്ന ദൃശ്യങ്ങള്‍ അയച്ചുകൊടുത്തും തിരികെ വാങ്ങിയും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ശേഷം പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ മറ്റു പലര്‍ക്കും അയച്ചുകൊടുത്തു. ഈ ദൃശ്യങ്ങള്‍ കാണിച്ചാണ് പലരും പെണ്‍കുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം.
അത്‌ലറ്റായ പെണ്‍കുട്ടിയെ പത്തനംതിട്ട ജില്ലയുടെ വിവിധ ഇടങ്ങളിലും ജില്ലക്ക് പുറത്തു തിരുവനന്തപുരത്തും എത്തിച്ചു പീഡിപ്പിച്ചെന്നാണ് മൊഴി. 64 പേരുടെ പേര് വിവരങ്ങള്‍ പെണ്‍കുട്ടി പറഞ്ഞതനുസരിച്ച് പോലീസ് ശേഖരിച്ചു. പരമാവധി പ്രതികളെ ഉടന്‍ പിടികൂടാനാണ് പോലീസ് നീക്കം.
The post പത്തനംതിട്ട പോക്‌സോ കേസില്‍ പുതിയ അന്വേഷണസംഘം; ആറ് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി appeared first on Metro Journal Online.