എൻ എം വിജയന്റെ മരണം: ഐസി ബാലകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി മറ്റന്നാൾ

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണത്തിൽ ഐ സി ബാലകൃഷ്ണന്റെയും എൻ ഡി അപ്പച്ചന്റെയും ജാമ്യാപേക്ഷയിൽ കോടതി 18ന് വിധി പറയും. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ പ്രതികൾ സാക്ഷികളെ സ്വാധീനിക്കുമെന്നും ജാമ്യം നൽകരുതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം.
സംഭവത്തിൽ എൻ ഡി അപ്പച്ചനും എൻ എം വിജയനും തമ്മിലുള്ള ഫോൺ റെക്കോർഡ് പ്രോസിക്യൂഷൻ ഹാജരാക്കി. ബാങ്ക് നിയമനത്തിൽ പണം വാങ്ങിയതിന്റെ തെളിവുണ്ടെന്നും ഫോൺ സംഭാഷണത്തിൽ ഇക്കാര്യങ്ങൾ വ്യക്തമാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇനി കിട്ടാനുള്ള ഇരുവരുടെയും ഫോണുകൾ മാത്രമാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. വയനാട്ടിലെ പാർട്ടിക്ക് ലക്ഷങ്ങൾ സംഭാവന ലഭിച്ചിട്ടും വിജയന്റെ കടബാധ്യത തീർത്തില്ല. പാർട്ടിക്ക് വേണ്ടിയാണ് വിജയൻ പണം വാങ്ങിയത്. ബാങ്കിൽ ആളുകൾക്ക് ജോലി നൽകാൻ കഴിയാതെയായതോടെ വിജയൻ പ്രതിസന്ധിയിലായെന്ന് പോലീസിന് മൊഴി കിട്ടി.
ഡിസംബർ 25നാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നാലെ 27ന് ഇരുവരും മരിച്ചു. എൻ എം വിജയന്റെ മരണത്തിൽ പ്രതി ചേർത്തതിന് പിന്നാലെ ഐ സി ബാലകൃഷ്ണൻ ഒളിവിൽ പോകുകയായിരുന്നു.
The post എൻ എം വിജയന്റെ മരണം: ഐസി ബാലകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി മറ്റന്നാൾ appeared first on Metro Journal Online.