നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; പെൺകുട്ടി മരിച്ചു, 15 പേർക്ക് പരുക്ക്

എറണാകുളം നേര്യമംഗലം മണിയാമ്പാറയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പെൺകുട്ടിക്ക് ദാരുണാന്ത്യം. ബസിനടിയിൽ കുടുങ്ങിയ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടുക്കി കീരിത്തോട് സ്വദേശിനി അനീറ്റ ബെന്നിയാണ്(14) മരിച്ചത്.
അപകടത്തിൽ 15 പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. കെഎസ്ആർടിസി ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കും പരുക്കേറ്റു. മറ്റുള്ളവരുടെ ആരോഗ്യനില ഗുരുതരമല്ല. ഇന്ന് രാവിലെയോടെയാണ് കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ലിമിറ്റഡ് സ്റ്റോപ്പ് ബസ് അപകടത്തിൽപ്പെട്ടത്.
റോഡിന്റെ സമീപത്ത് നിന്നും 20 അടിയോളം താഴ്ചയുള്ള ഭാഗത്തേക്കാണ് ബസ് മറിഞ്ഞത്. ബസ് നിയന്ത്രണം വിട്ട് മറിഞ്ഞപ്പോൾ പുറത്തേക്ക് തെറിച്ചുവീണ കുട്ടി ബസിന് അടിയിൽ കുടുങ്ങിപ്പോകുകയായിരുന്നു. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയ ശേഷമാണ് പെൺകുട്ടിയെ പുറത്തെടുത്തത്.
The post നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; പെൺകുട്ടി മരിച്ചു, 15 പേർക്ക് പരുക്ക് appeared first on Metro Journal Online.