National

ഹംപി കൂട്ടബലാത്സംഗം; 2 പേർ അറസ്റ്റിൽ; അന്വേഷണം തുടരുന്നു

കൊപ്പൽ: ഒഡീഷ സ്വദേശിയെ നദിയിൽ തള്ളിയിട്ടു കൊലപ്പെടുത്തുകയും ഇസ്രേലി വനിതയുൾപ്പെടെ രണ്ടുപേരെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ. ഗംഗാവതി സ്വദേശികളായ സായ് മല്ലു,ചേതൻ സായ് എന്നിവരാണ് പിടിയിലായത്. മൂന്നാമനു വേണ്ടി തെരച്ചിൽ തുടരുന്നു. കർണാടകയിൽ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ചരിത്രനഗരം ഹംപിക്കു സമീപം സനാപുരിൽ വ്യാഴാഴ്ച രാത്രിയാണു സംഭവം. തുംഗഭദ്രയുടെ ഇടതുകരക്കനാൽ തീരത്ത് നക്ഷത്ര നിരീക്ഷണത്തിനെത്തിയ സഞ്ചാരികളും ഹോം സ്റ്റേ ഉടമയായ യുവതിയുമാണ് ആക്രമിക്കപ്പെട്ടത്.

‌യുഎസിൽ നിന്നുള്ള ഡാനിയേൽ, മഹാരാഷ്‌ട്രയിൽ നിന്നുള്ള പങ്കജ്, ഒഡീഷ സ്വദേശി ബിബാഷ് എന്നിവരും ഇസ്രേലി സ്വദേശിയ ഇരുപത്തേഴുകാരിയുമായിരുന്നു സഞ്ചാരികൾ. ഹോംസ്റ്റേ ഉടമയായ ഇരുപത്തൊമ്പതുകാരിയാണ് ഇവരെ കനാൽ തീരത്തേക്കു കൂട്ടിക്കൊണ്ടുവന്നത്.

ഈ സമയം ബൈക്കിലെത്തിയ മൂവർ സംഘം ഇവരോട് പെട്രോളിനായി 100 രൂപ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ പുരുഷന്മാരെ വെള്ളത്തിലേക്കു തള്ളിയിട്ടശേഷം രണ്ടു യുവതികളെയും കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. വെള്ളത്തിൽ വീണ രണ്ടു പേർ നീന്തിക്കയറി. എന്നാൽ, ബിബാഷിനെ കണ്ടെത്താനായില്ല. പിന്നീട് കനാലിൽ നിന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു. രണ്ടു സ്ത്രീകളും കൊപ്പൽ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button