Gulf

യുഎഇ പൊതുമാപ്പ് അവസാനിക്കാന്‍ ഇനി ആറു ദിവസം മാത്രം; നവംബര്‍ ഒന്ന് മുതല്‍ കര്‍ശന നടപടി

ദുബൈ: യുഎഇയില്‍ അനധികൃതമായി കഴിയുന്നവര്‍ക്ക് നിയമപ്രശ്‌നങ്ങളില്ലാതെ രാജ്യം വിടാനോ, താമസ രേഖകള്‍ ശരിപ്പെടുത്തി യുഎയില്‍ തുടരാനോ അനുവദിക്കുന്ന പൊതുമാപ്പ് അവസാനിക്കാന്‍ ഇനി ആറു ദിവസം മാത്രം. രണ്ടു മാസത്തെ പൊതുമാപ്പ് കാലാവധിയാണ് അവസാനിക്കാന്‍ പോകുന്നത്.

രാജ്യത്തു തുടരുന്ന വിസ നിയമലംഘകര്‍ക്കെതിരേ നവംബര്‍ ഒന്നു മുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് യുഎഇ അധികൃതര്‍ നേരത്തെ മുന്നറിയിപ്പു നല്‍കിയിയിരുന്നു. ഇവര്‍ പിടിക്കപ്പെട്ടാല്‍ മുഴുവന്‍ പിഴയും അടയ്ക്കേണ്ടി വരുമെന്നു മാത്രമല്ല, യുഎഇയില്‍ നിന്ന് നാടുകടത്തപ്പെടുകയും ചെയ്യും. പിന്നീട് ഇത്തരക്കാര്‍ക്ക് യുഎഇയിലേക്ക് തിരികെ വരാനും കഴിയാത്ത വിധമായിരിക്കും തിരിച്ചയക്കുകയെന്നും യുഎഇ ഫെഡറല്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു.

നിയമ പ്രശ്‌നങ്ങളിലേക്ക് പോകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും എല്ലാ ഇന്ത്യക്കാരും പൊതുമാപ്പിന്റെ പ്രയോജനം ഉപയോഗിക്കണമെന്നും ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സതീഷ്‌കുമാര്‍ ശിവന്‍ അഭ്യര്‍ഥിച്ചിരുന്നു. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ മാത്രം പതിനായിരത്തിലേറെ പ്രവാസി ഇന്ത്യക്കാരാണ് പൊതുമാപ്പ് സേവനങ്ങള്‍ക്കായി എത്തിയത്. ഇവര്‍ക്കെല്ലാം ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കിയതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു. ബയോമെട്രിക് രേഖകള്‍ നല്‍കുന്നത് ഒഴികെയുള്ള പൊതുമാപ്പുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സഹായ കേന്ദ്രത്തിലൊരുക്കിയിട്ടുണ്ട്.

കോണ്‍സുലേറ്റിന്റെ സഹായ കേന്ദ്രത്തിലെത്തിയ 1,300 പേര്‍ക്ക് പാസ്പോര്‍ട്ടും 1,700 പേര്‍ക്ക് എമര്‍ജന്‍സി എക്സിറ്റ് സര്‍ട്ടിഫിക്കറ്റും 1,500 പേര്‍ക്ക് എക്സിറ്റ് പെര്‍മിറ്റും കോണ്‍സുലേറ്റ് നല്‍കിയിരുന്നു. വീസ കാലാവധി കഴിഞ്ഞവര്‍ക്ക് രാജ്യം വിടാനുള്ള എക്സിറ്റ് പെര്‍മിറ്റ് നല്‍കുന്നത് ഉള്‍പ്പെടെയുള്ള ആമിര്‍ സെന്ററുകളില്‍ ലഭിക്കുന്ന സേവനങ്ങളെല്ലാം ഇന്ത്യന്‍ കോണ്‍സുലേറ്റിലും സജ്ജീകരിച്ചിട്ടുണ്ട്.

The post യുഎഇ പൊതുമാപ്പ് അവസാനിക്കാന്‍ ഇനി ആറു ദിവസം മാത്രം; നവംബര്‍ ഒന്ന് മുതല്‍ കര്‍ശന നടപടി appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button