Sports

കഴിഞ്ഞ വര്‍ഷം കോലിയുടെ ഓട്ടോഗ്രാഫിന് വേണ്ടി കാത്തിരുന്നു; ഇപ്പോള്‍ കോലിയെ പവലിയനിലിരുത്തി ഞെട്ടിപ്പിച്ചു ആ താരം

സീനിയര്‍ താരങ്ങള്‍ പതറി പോയ ഓസ്‌ട്രേലിയയുമായുള്ള നാലാം ടെസ്റ്റില്‍ ഇന്ത്യയെ കരക്കെത്തിച്ച ഹൈദരബാദിന്റെ മുത്ത് നിതീഷ് റെഡ്ഡിയുടെ രസകരമായ അനുഭവമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. തോല്‍വി ഉറപ്പിച്ച ഇന്ത്യന്‍ ടീമിനെ എട്ടാമനായെത്തി രക്ഷപ്പെടുത്തിയ നിതീഷ് എന്ന ഓള്‍ റൗണ്ടര്‍ പ്ലെയറിന്റെ പ്രകടനം ആരെയും വിസ്മയിപ്പിക്കുന്നതാണ്. ഐ പി എല്ലില്‍ സണ്‍റൈസ് ഹൈദരബാദിന് വേണ്ടി കളിച്ച താരമായിരുന്നു കഴിഞ്ഞ തവണത്തെ എമേര്‍ജിംഗ് സ്റ്റാറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. അദ്ദേഹം അന്ന് നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ പൊടിത്തട്ടിയെടുത്തിരിക്കുന്നത്.

2023ല്‍ തനിക്കു വിരാട് കോലിയെ നേരിട്ടു കാണാന്‍ അവസരം ലഭിച്ചിരുന്നുവെന്നും അന്ന് അധികമൊന്നും സംസാരിക്കാന്‍ കഴിയാത്തത് കൊണ്ട് ഓട്ടോഗ്രാഫ് വാങ്ങാന്‍ മാത്രമാണ് ആഗ്രഹിച്ചതെന്നും നിതീഷ് പറയുന്ന വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നു. കോലിയുടെ ഓട്ടോ ഗ്രാഫ് കാത്തിരുന്ന യുവാവ് ഇന്ന് കോലിയുള്‍പ്പെടെയുള്ള താരങ്ങളെ നോക്കുകുത്തിയാക്കി പവലിയനില്‍ ഇരുത്തി മിന്നും പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ്.

ആര്‍സിബിക്കെതിരേ ഐപിഎല്ലില്‍ നന്നായി കളിച്ച് വിരാട് കോലിയുടെ ശ്രദ്ധപിടിച്ചുപറ്റാന്‍ ആഗ്രഹിച്ച നിതീഷ് റെഡ്ഡിക്ക് അന്ന് പക്ഷെ ബാറ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. കളിക്കു ശേഷമുള്ള ഹസ്തദാനത്തില്‍ ആരാധനയോടെയാണ് നിതീഷ് കോലിക്ക് മുന്നിലെത്തിയത്. അദ്ദേഹം അന്ന് തന്റെ പേര് ഓര്‍മിക്കുകയും ചെയ്തിരുന്നുവെന്ന് നിതീഷ് പറയുന്നുണ്ട്. ആ താരമാണിപ്പോള്‍ കോലിയുടേയെന്നല്ല ഇന്ത്യന്‍ ടീമിന്റെ തന്നെ അഭിമാനം കാത്തത്.

നിതീഷ്കുമാര് റെഡ്ഡി

മെല്‍ബണില്‍ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്‌സില്‍ 105 റണ്‍സ് എന്ന സ്‌കോര്‍ അടിച്ചെടുത്ത് രാജ്യത്തിന്റെ രക്ഷകനായിരിക്കുകയാണ് നിതീഷ്. പത്ത് ഫോറും ഒരു സിക്‌സുമായി 176 പന്തില്‍ നിന്നാണ് താരം 105 റണ്‍സ് എടുത്ത് പുറത്താകാതെ നില്‍ക്കുന്നത്. 116 റണ്‍സിന്റെ ലീഡുള്ള ഓസ്‌ട്രേലിയയുടെ ലീഡ് പരമാവധി കുറക്കുകയെന്ന ലക്ഷ്യമാണ് ഇപ്പോള്‍ റെഡ്ഡിക്ക് മുന്നിലുള്ളത്.

The post കഴിഞ്ഞ വര്‍ഷം കോലിയുടെ ഓട്ടോഗ്രാഫിന് വേണ്ടി കാത്തിരുന്നു; ഇപ്പോള്‍ കോലിയെ പവലിയനിലിരുത്തി ഞെട്ടിപ്പിച്ചു ആ താരം appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button