Sports

ന്യൂസിലൻഡിനെതിരേ ഇന്ത്യ 249/9 – Metro Journal Online

ഐസിസി ചാംപ‍്യൻസ് ട്രോഫി ഗ്രൂപ്പ് എ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങി‍യ ഇന്ത്യ, ന്യൂസിലൻഡിനെതിരേ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 249 റൺസെടുത്തു. ടോപ് ഓർഡർ തകർച്ചയെ അതിജീവിച്ച് ഭേദപ്പെട്ട സ്കോറിലെത്താൻ ടീമിനെ സഹായിച്ചത് ശ്രേയസ് അയ്യരുടെയും അക്ഷർ പട്ടേലിന്‍റെയും ഹാർദിക് പാണ്ഡ്യയുടെയും പ്രകടനങ്ങൾ.

‌സ്കോർ ബോർഡിൽ മുപ്പത് റൺസ് എത്തുമ്പോഴേക്കും ഇന്ത്യയുടെ ആദ്യ മൂന്നു ബാറ്റർമാരും കൂടാരം കയറി. ശുഭ്മൻ ഗിൽ (2), രോഹിത് ശർമ (15), വിരാട് കോലി (11) എന്നിവർ പുറത്തായ ശേഷം ശ്രേയസ് അയ്യരും അക്ഷർ പട്ടേലും ചേർന്നാണ് ടീമിനെ കരകയറ്റിയത്. 98 റൺസാണ് ഇവർ കൂട്ടിച്ചേർത്തു.

അക്ഷർ 42 റൺസെടുത്ത് പുറത്തായി. 61 പന്ത് നേരിട്ട അക്ഷർ മൂന്ന് ഫോറും ഒരു സിക്സും നേടി. തുടർന്ന് ശ്രേയസ് – കെ.എൽ. രാഹുൽ കൂട്ടുകെട്ട് 42 റൺസ് ചേർത്തു. ശ്രേയസ് 98 പന്തിൽ നാല് ഫോറും രണ്ട് സിക്സും സഹിതം 79 റൺസെടുത്ത് പുറത്തായി. രാഹുൽ 29 പന്തിൽ 23 റൺസും നേടി.

ഹാർദിക് പാണ്ഡ്യക്കൊപ്പം 41 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ച രവീന്ദ്ര ജഡേജയാണ് (20 പന്തിൽ 16) അടുത്തതായി പുറത്തായത്. അവസാന ഓവറുകളിൽ റൺ നിരക്ക് ഉയർത്തിയ പാണ്ഡ്യ, 45 പന്തിൽ നാല് ഫോറും രണ്ടു സിക്സും സഹിതം 45 റൺസെടുത്തു.

അതേസമയം ഒരു മാറ്റമാണ് ഇന്ത‍്യൻ ടീമിലുള്ളത്. പേസർ ഹർഷിത് റാണയ്ക്കു പകരം വരുൺ ചക്രവർത്തിയാണ് കളിക്കുന്നത്. വിരാട് കോലിയുടെ മുന്നൂറാം ഏകദിന മത്സരമാണിത്.

പാക്കിസ്ഥാനെയും ബംഗ്ലാദേശിനെയും തോൽപ്പിച്ച് സെമി ഫൈനലിൽ കടന്നതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത‍്യ. ന്യൂസിലൻഡും രണ്ടു മത്സരങ്ങൾ ജയിച്ചതിനാൽ, ഗ്രൂപ്പ് ചാംപ്യൻമാരെ നിശ്ചയിക്കുന്നത് ഈ മത്സരമായിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button