National

എംഎ ബേബി സിപിഎം ജനറൽ സെക്രട്ടറി

മധുര: സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എംഎ ബേബി. പോളിറ്റ് ബ്യൂറോ ശുപാര്‍ശ അംഗീകരിച്ചു. പുതിയ കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് അന്തിമ തീരുമാനമായത്. ഇഎംഎസിനുശേഷം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വരുന്ന രണ്ടാമത്തെ മലയാളിയാണ് എംഎ ബേബി. സീതാറാം യെച്ചൂരിയുടെ പിൻഗാമിയായിട്ടാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എംഎ ബേബി എത്തുന്നത്.

പുതിയ കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. എംഎ ബേബിയെ എതിർത്തിരുന്ന കിസാൻ സഭാ നേതാവ് അശോഖ് ധാവ്ളയും ബംഗാൾ ഘടകവും പിന്മാറുകയായിരുന്നു. അതേസമയം, പുതിയ കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പാനൽ തയ്യാറാക്കാനുള്ള പോളിറ്റ് ബ്യുറോ യോഗം ആരംഭിച്ചു. നിലവിലെ കേന്ദ്ര കമ്മിറ്റിയുടെ യോഗം പുതിയ കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പാനൽ അംഗീകരിക്കും.

കഴിഞ്ഞ ദിവസം ചേർന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ കോർഡിനേറ്റർ പ്രകാശ് കാരാട്ടാണ് ജനറൽ സെക്രട്ടറിയായി എം എ ബേബിയുടെ പേര് നിർദേശിച്ചത്. പിബിയിലെ സീനിയോറിറ്റി കൂടി പരിഗണിച്ചാണ് ബേബിയെ നിർദേശിക്കുന്നതെന്നായിരുന്നു അദ്ദേഹം നൽകിയ വിശദീകരണം. 2016 മുതൽ എംഎ ബേബി സിപിഐഎമ്മിന്റെ കേന്ദ്ര നേതൃത്വത്തിൽ പ്രവർത്തിച്ച് വരികയാണ്. 1989ൽ കേന്ദ്രകമ്മിറ്റി അംഗമായ ഇദ്ദേഹം 2012ലാണ് പോളിറ്റ് ബ്യൂറോയിൽ എത്തുന്നത്

അതേസമയം, സിപിഎമ്മിന്‍റെ 24-ാo പാർട്ടി കോൺഗ്രസ് ഇന്ന് അവസാനിക്കും. ആറ് ദിവസം നീണ്ട് നിന്ന സമ്മേളനം മധുര വണ്ടിയൂർ മസ്താൻ പെട്ടിക്ക് സമീപമുള്ള എൻ ശങ്കരയ്യ നഗറിലെ പൊതുസമ്മേളനത്തോടെയാണ് സമാപിക്കുന്നത്. മൂന്നിന്‌ എൽക്കോട്ടിനു സമീപം ചുവപ്പുസേനാ മാർച്ചും പ്രകടനവും തുടങ്ങും. വാച്ചാത്തി സമരപോരാളികൾ ഫ്ലാഗ്‌ ഓഫ്‌ ചെയ്യുന്ന പ്രകടനത്തിൽ 10000 റെഡ്‌ വളന്റിയർമാരായിരിക്കും അണി നിരക്കും. സിപിഎം തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറി പി ഷൺമുഖം പൊതുസമ്മേളനത്തിൽ അധ്യക്ഷനാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button