National

ബിജെപി എംപി നിഷികാന്ത് ദുബെയ്‌ക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി വേണം; സുപ്രീം കോടതിയ്‌ക്കെതിരായ പരാമര്‍ശത്തില്‍ എജിയ്ക്ക് കത്ത്

സുപ്രീംകോടതി വിധിക്കെതിരേ മോശം പരാമര്‍ശളുമായി രംഗത്ത് വന്ന ബിജെപി എംപി നിഷികാന്ത് ദുബെയ്‌ക്കെതിരേ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അറ്റോര്‍ണി ജനറലിന് കത്ത്. അഭിഭാഷകനായ അനസ് തന്‍വീറാണ് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടരമണിക്ക് ബിജെപി എംപിയുടെ നടപടി കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് ചൂണ്ടിക്കാണിച്ച് കത്തെഴുതിയത്. വഖഫ് ഭേദഗതി നിയമം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരായും തമിഴ്‌നാട് ഗവര്‍ണറുടെ നടപടികള്‍ക്കെതിരെ സുപ്രീം കോടതിയെടുത്ത നിലപാടിലും വ്യാപക ആക്ഷേപ പരാമര്‍ശങ്ങളാണ് ബിജെപി നേതാക്കളും ഭരണഘടനാപദവിയിലുള്ള ഉപരാഷ്ട്രപതിയും ഗവര്‍ണര്‍മാരുമെല്ലാം നടത്തിയത്. ജാര്‍ഖണ്ഡില്‍ നിന്നുള്ള എംപിയായ നിഷികാന്ത് ദുബെ വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് രൂക്ഷ പരാമര്‍ശങ്ങളാണ് കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസിനും സുപ്രീം കോടതിയിക്കും എതിരെ നടത്തിയത്. ഇതിനെതിരേ പ്രതിപക്ഷവും മുന്‍നിര പാര്‍ട്ടി നേതാക്കളും രംഗത്തെത്തിയതോടെ ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ ഇത് പാര്‍ട്ടി നിലപാടല്ലെന്നും വ്യക്തിപരമായ പരാമര്‍ശമാണെന്നും വിശദീകരിച്ചു രംഗത്ത് വരികയും ചെയ്തിരുന്നു.

ബിജെപി അധ്യക്ഷന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് താക്കീതും നല്‍കിയെങ്കിലും വിഷയത്തില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ എജിയ്ക്ക് കത്തെഴുതിയിരിക്കുകയാണ് അഭിഭാഷകനായ അനസ് തന്‍വീര്‍. കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടിയാണ് അനസ് തന്‍വീര്‍ അറ്റോര്‍ണി ജനറലിന് കത്തെഴുതിയത്. ബിജെപി എംപി നിഷികാന്ത് ദുബെ നടത്തിയ പരാമര്‍ശം ഏറെ അപകീര്‍ത്തികരവും അപകടകരമാംവിധം പ്രകോപനപരവുമാണെന്ന് കത്തില്‍ അനസ് തന്‍വീര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ജുഡീഷ്യല്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താനും പൊതുജനങ്ങളില്‍ കോടതിക്കെതിരേ എതിര്‍പ്പുണ്ടാക്കാനും സമൂഹത്തില്‍ അക്രമവും അശാന്തിയും സൃഷ്ടിക്കാനുമാണ് ബിജെപി എംപി ശ്രമിക്കുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. വഖഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ കോടതി ഇടപെട്ടതിന്റെ പശ്ചാത്തലത്തില്‍ ദുബെ വര്‍ഗീയ ധ്രുവീകരണ പ്രസ്താവനകള്‍ നടത്തിയതായും ആരോപണമുണ്ടായിരുന്നു.

കോടതിയലക്ഷ്യ നിയമത്തിലെ സെക്ഷന്‍ 15(1)(ബി) പ്രകാരം എജി ആര്‍ വെങ്കട്ടരമണിയുടെ മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ദുബെയുടെ പരാമര്‍ശങ്ങള്‍ ‘അങ്ങേയറ്റം അവഹേളിക്കുന്നതും’ ‘അപകടകരമാംവിധം പ്രകോപനപരവുമാണ്’ എന്നാണ് ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസിസാണ് കാരണമാണെന്ന് വരെ ദുബെ ധിക്കാരപൂര്‍വ്വം ആരോപിക്കുന്നുവെന്നും അതുവഴി രാജ്യത്തെ പരമോന്നത ജുഡീഷ്യല്‍ ഓഫീസിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും എജിക്ക് ലഭിച്ച കത്തില്‍ പറയുന്നു. സുപ്രീം കോടതി രാജ്യത്തെ അരാജകത്വത്തിലേക്ക് കൊണ്ടുപോകുന്നുവെന്നാണ് ബിജെപി എംപി നിഷികാന്ത് ദുബെ ആരോപിച്ചത്.

പൊതുജനങ്ങളെ രോഷാകുലരാക്കി കലാപാന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് ദുബെ നടത്തിയതെന്നാണ് ആക്ഷേപം ഉയരുന്നത്. രാജ്യത്ത് അശാന്തി ഉണ്ടാക്കാന്‍ ശ്രമിക്കുന്ന തരത്തില്‍ പരമോന്നത നീതിപീഠത്തെ അവഹേളിച്ച് ജനസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിന് നടപടി വേണമെന്നാണ് ആവശ്യം.

സുപ്രീംകോടതി നിയമം നിര്‍മിക്കുകയാണെങ്കില്‍ പാര്‍ലമെന്റും നിയമസഭകളും പൂട്ടുന്നതാണ് നല്ലതെന്ന് വരെ നിഷികാന്ത് ദുബെ പറഞ്ഞിരുന്നു. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്ക് സമയപരിധി നിര്‍ദേശിച്ച സുപ്രീംകോടതി വിധിക്കെതിരെയായിരുന്നു ബിജെപി നേതാവിന്റെ രോഷപ്രകടനം. പാര്‍ലമെന്റാണ് നിയമങ്ങളുണ്ടാക്കുന്നത്. പാര്‍ലമെന്റിനോട് ആജ്ഞാപിക്കുകയാണോ എന്നും രാഷ്ട്രപതി മൂന്നുമാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നത് ഏതു നിയമത്തിലാണ് പറഞ്ഞിട്ടുള്ളതെന്നും ദുബെ ചോദിച്ചിരുന്നു. സമാനമായ രീതിയില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ നടത്തിയ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു ദുബെയുടെ പ്രതികരണം.

സംഭവം വിവാദമായതോടെ ദുബെയുടെ പ്രസ്താവനയോട് പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡ പ്രസ്താവനയിറക്കി. പാര്‍ട്ടി സുപ്രീം കോടതിയെ മാനിക്കുന്നുവെന്നും ഇത്തരത്തില്‍ പരാമര്‍ശം പാടില്ലെന്ന് നേതാക്കളോട് താക്കീത് നല്‍കിയെന്നും നഡ്ഡ വിശദീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button