Kerala

റീഡിങ് എടുക്കുമ്പോൾത്തന്നെ ബില്ലടയ്ക്കാം; പരിക്ഷണം വിജയം: സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാന്‍ കെഎസ്ഇബി

തിരുവനന്തപുരം: മീറ്റർ റീഡിങ് എടുക്കുമ്പോൾത്തന്നെ ബില്‍ തുക ഓണ്‍ലൈനായി അടയ്ക്കാന്‍ സൗകര്യമൊരുക്കുന്ന കെഎസ്ഇബിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി വന്‍വിജയം. മീറ്റര്‍ റീഡര്‍ റീഡിങ് എടുക്കുന്ന പിഡിഎ മെഷീനിലൂടെ ഉപഭോക്താക്കൾക്ക് അനായാസം ബിൽ തുക അടയ്ക്കാൻ സാധിക്കുന്ന പദ്ധതിയാണിത്. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് മുഖേനയോ, ഭീം, ഗൂഗിൾ പേ, ഫോൺ പേ, പേറ്റിഎം തുടങ്ങിയ ഭാരത് ബിൽ പേ ആപ്ലിക്കേഷനുകളിലൂടെ ക്യു ആർ കോഡ് സ്കാൻ ചെയ്തോ ബിൽ തുക അടയ്ക്കാൻ കഴിയും.

യാത്ര ചെയ്ത് ക്യാഷ് കൗണ്ടറിലെത്തി ക്യൂ നിന്ന് പണമടയ്ക്കാൻ കഴിയാത്തവർക്കും ഓൺ ലൈൻ പണമടയ്ക്കാൻ സാങ്കേതിക ബുദ്ധിമുട്ടുള്ളവർക്കും വലിയ തോതിൽ സഹായകരമാണ് ഈ പദ്ധതി. ബില്ലടയ്ക്കാന്‍ മറന്നുപോകുന്നതു കാരണം വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇത് സഹായകമാകും.

കാനറാ ബാങ്കിന്‍റെ സഹകരണത്തോടെ നടപ്പാക്കുന്ന സ്‌പോട്ട് ബില്‍ പേയ്‌മെന്‍റ് സേവനത്തിന് സര്‍വീസ് ചാര്‍ജോ, അധിക തുകയോ നല്‍കേണ്ടതില്ല. കെഎസ്ഇബിയെ സംബന്ധിച്ച് റീഡിങ് എടുക്കുന്ന ദിവസം തന്നെ ബില്‍ തുക ലഭ്യമാകും എന്ന ഗുണവുമുണ്ട്. നവംബര്‍ 15 മുതല്‍ തിരുവനന്തപുരം ജില്ലയിലെ വെള്ളയമ്പലം, ഉള്ളൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളിൽ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി ഉപഭോക്താക്കളുടെ ഭാഗത്തുനിന്നുള്ള പ്രോത്സാഹജനകമായ സമീപനത്തിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനമാകെ വ്യാപിപ്പിക്കാനാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button