തീരുമാനവുമായി കേന്ദ്രസർക്കാർ; രാജ്യത്ത് ജാതി സെൻസസ് നടത്തും

രാജ്യത്ത് ജാതിസെൻസസ് നടത്താനുള്ള തീരുമാനവുമായി കേന്ദ്രസർക്കാർ. ദേശീയ ജനസംഖ്യാകണക്കെടുപ്പിനൊപ്പം ജാതി സെൻസസ് നടത്തും. കോൺഗ്രസ് ജാതി സെൻസസ് രാഷ്ട്രീയത്തിന് വേണ്ടിമാത്രമാണ് ഉപയോഗിച്ചതെന്ന് കേന്ദ്രമന്ത്രിസഭായോഗ തീരുമാനം വിശദീകരിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതി യോഗത്തിലാണ് തീരുമാനമെടുത്തത്. ബിഹാർ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് തീരുമാനം. ജാതി സെൻസസിനെ കോൺഗ്രസ് എതിർത്തിരുന്നു. ചില സംസ്ഥാനങ്ങൾ ജാതി സർവ്വേ സുതാര്യമല്ലാതെ നടപ്പാക്കി. ഭരണഘടന അനുസരിച്ച് സെൻസസ് കേന്ദ്ര വിഷയമാണെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സെൻസസ് പ്രക്രിയയുടെ ഭാഗമായി ജാതി സെൻസസ് നടത്തുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
“കോൺഗ്രസും അവരുടെ ഇന്ത്യ സഖ്യ പങ്കാളികളും ജാതി സെൻസസ് ഒരു രാഷ്ട്രീയ ഉപകരണം എന്ന നിലയിൽ മാത്രമാണ് ഉപയോഗിച്ചതെന്ന് നന്നായി മനസ്സിലാക്കാം. ചില സംസ്ഥാനങ്ങൾ ജാതികൾ എണ്ണുന്നതിനായി സർവേകൾ നടത്തിയിട്ടുണ്ട്. ചില സംസ്ഥാനങ്ങൾ ഇത് നന്നായി ചെയ്തിട്ടുണ്ടെങ്കിലും, മറ്റു ചിലത് രാഷ്ട്രീയ കോണിൽ നിന്ന് സുതാര്യമല്ലാത്ത രീതിയിൽ മാത്രമാണ് ഇത്തരം സർവേകൾ നടത്തിയത്,” കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
2022-ൽ ഇന്ത്യാ സഖ്യ സർക്കാരായിരുന്ന ബീഹാറിൽ ജാതി സെൻസസ് നടപ്പാക്കിയിരുന്നു. ഈ വർഷം ആദ്യം, ആന്ധ്രാപ്രദേശിലെ ജഗൻ റെഡ്ഡി സർക്കാർ ജാതി അടിസ്ഥാനമാക്കിയുള്ള ആളുകളുടെ സമഗ്രമായ ഒരു ഡാറ്റാബേസ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഒരു പ്രവർത്തനം ആരംഭിച്ചു.
The post തീരുമാനവുമായി കേന്ദ്രസർക്കാർ; രാജ്യത്ത് ജാതി സെൻസസ് നടത്തും appeared first on Metro Journal Online.