National

പാക്കിസ്ഥാനെ വീണ്ടും ഗ്രേ ലിസ്റ്റിൽ പെടുത്താൻ ഇന്ത്യൻ നീക്കം; ഐഎംഎഫ് ഫണ്ട് മരവിപ്പിക്കാനും ശ്രമിക്കും

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തി കടന്നുള്ള ഭീകരതക്കെതിരെ കടുത്ത നടപടികൾക്കൊരുങ്ങി ഇന്ത്യ. പാക്കിസ്ഥാനെ വീണ്ടും ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്താനും ഐഎംഎഫ് സാമ്പത്തിക സഹായം നൽകുന്നത് തടയാനുമുള്ള നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ഇന്ത്യ.

പാക്കിസ്ഥാനെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ ഗ്രേ ലിസ്റ്റിൽ തിരികെ കൊണ്ടുവരുന്നതിനുള്ള നീക്കമാണ് ഇതിൽ പ്രധാനം. മറ്റൊന്ന് അന്താരാഷ്ട്ര നാണ്യനിധിയുടെ സാമ്പത്തിക പാക്കേജ് മരവിപ്പിക്കുക എന്നത്. ആഗോളതലത്തിൽ കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ നിരീക്ഷിക്കുന്ന സ്ഥാപനമാണ് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ്

ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയാൽ പാക്കിസ്ഥാനിലേക്കുള്ള വിദേശനിക്ഷേപങ്ങളിലും അനധികൃത പണമൊഴുക്കലിലും നിയന്ത്രണമുണ്ടാകും. പാക്കിസ്ഥാൻ നടത്തുന്ന സാമ്പത്തിക ഇടപാടുകൾ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടും. 2018 ജൂൺ മുതൽ 2022 ഒക്ടോബർ വരെ പാക്കിസ്ഥാൻ ഗ്രേ ലിസ്റ്റിൽ പെട്ടിരുന്നു. ഇതിൽ തീരുമാനമെടുക്കുന്നതിന് എഫ് എ ടി എഫിലെ മറ്റ് അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്

വർഷത്തിൽ മൂന്ന് തവണ ചേരുന്ന പ്ലീനറിയാണ് തീരുമാനമെടുക്കുക. അടുത്തത് ജൂൺ മാസത്തിലാണ്. 38 രാജ്യങ്ങളും രണ്ട് സംഘടനകളുമടക്കം 40 അംഗങ്ങൾ സംഘടനയിലുണ്ട്. ഇതിൽ യുകെ, യുഎസ്, ഫ്രാൻസ്, ജർമനി, ഓസ്‌ട്രേലിയ, യൂറോപ്യൻ കമ്മീഷൻ, സൗദി അറേബ്യ, യുഎഇ തുടങ്ങി 23ഓളം രാജ്യങ്ങളിൽ നിന്ന് പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യക്ക് അനുശോചന സന്ദേശങ്ങൾ ലഭിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button