National

കേന്ദ്ര നിര്‍ദേശമെത്തി; ഒരു പ്രധാന സേവനം ഉടനടി മരവിപ്പിച്ച് ജിയോയും എയര്‍ടെല്ലും

ഇന്ത്യ- പാക് അതിര്‍ത്തി പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഒരു പ്രധാന സേവനം താല്‍ക്കാലികമായി മരവിപ്പിച്ച് രാജ്യത്തെ ടെലികോം കമ്പനികള്‍. ദേശീയ സുരക്ഷ മുന്‍നിര്‍ത്തി ടെലികോം വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. കൊവിഡ് ലോക്ക്ഡൗണ്‍ കാലത്തും മറ്റും ഏറെ ജനശ്രദ്ധ ആകര്‍ഷിച്ച സിം കാര്‍ഡുകളുടെ ഹോം ഡെലിവറിയാണ് റിലയന്‍സ് ജിയോയും, എയര്‍ടെല്ലും താല്‍ക്കാലികമായി അവസാനിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, രാജ്യസുരക്ഷ കണക്കിലെടുത്താണ് സേവനം മരവിപ്പിച്ചിരിക്കുന്നത്. കേള്‍ക്കുമ്പോള്‍ പലര്‍ക്കും നിസാരമെന്നു തോന്നുമെങ്കിലും വളരെ തന്ത്രപരമായ നീക്കങ്ങളില്‍ ഒന്നാണിത്. സുരക്ഷാ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഈ സേവനം താല്‍ക്കാലികമായി നിര്‍ത്താന്‍ ടെലികോം കമ്പനികളോട് അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു.

ഉപയോക്താക്കള്‍ക്കു പുതിയ സിം കാര്‍ഡുകള്‍ നല്‍കുന്നതിനു മുമ്പ് ആധാര്‍ അടിസ്ഥാനമാക്കിയുള്ള നോ യുവര്‍ കസ്റ്റമര്‍ (KYC) പ്രാമാണീകരണം ശക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജിയോ, എയര്‍ടെല്‍ എന്നിവര്‍ക്കു പുറമേ ടെലികോം സേവനങ്ങള്‍ നല്‍കുന്ന രാജ്യത്തെ എല്ലാ കമ്പനികള്‍ക്കും ഈ നിര്‍ദേശങ്ങള്‍ ബാധകമാണ്.

ടെലികോം വകുപ്പിന്റെ നിര്‍ദ്ദേശം എയര്‍ടെല്ലും റിലയന്‍സ് ജിയോയും ഇതോടകം നടപ്പാക്കി കഴിഞ്ഞിട്ടുണ്ട്. സേവനം പുനരാരംഭിക്കുന്നതിന് മുമ്പ് റെഗുലേറ്ററി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനുള്ള പ്രക്രിയകള്‍ ഇരു കമ്പനികളും അവലോകനം ചെയ്യുമെന്നാണു വിവരം. ആധാര്‍ അടിസ്ഥാനമാക്കിയുള്ള കെവൈസി പ്രാമാണീകരണ നടപടികള്‍ക്കാകും കമ്പനികള്‍ മുന്‍തൂക്കം നല്‍കുക.

വിപണികളിലെ മത്സരം കടുപ്പിക്കുന്നതിന്റെ ഭാഗമായി എയര്‍ടെല്ലും റിലയന്‍സ് ജിയോയും സിം കാര്‍ഡുകളുടെ എക്‌സ്പ്രസ് ഹോം ഡെലിവറി വാഗ്ദാനം ചെയ്തിരുന്നു. എയര്‍ടെല്‍ ബ്ലിങ്കിറ്റുമായി സഹകരിച്ച് 49 രൂപ കണ്‍വീനിയന്‍സ് ഫീസില്‍ 10 മിനിറ്റിനുള്ളില്‍ പുതിയ സിമ്മുകളുടെ ഡെലിവറി വാഗ്ദാനം ചെയ്തിരുന്നു. എയര്‍ടെല്ലിന്റേതിന് സമാനമായി സിം കാര്‍ഡുകള്‍ക്കായി ഹോം ഡെലിവറി സേവനം ആരംഭിക്കാനുള്ള പദ്ധതിയെക്കുറിച്ച് ഏപ്രില്‍ 16 ന് റിലയന്‍സ് ജിയോ ടെലികോം വകുപ്പിനെ അറിയിച്ചിരുന്നു.

അതേസമയം ദേശീയ സുരക്ഷാ കാരണങ്ങളാല്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള കെവൈസി പ്രാമാണീകരണത്തിന് മുന്‍ഗണന നല്‍കാനുള്ള വകുപ്പിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കമ്പനികള്‍ എക്‌സ്പ്രസ് ഡെലിവറി പദ്ധതികള്‍ മരവിപ്പിക്കുകയായിരുന്നു. ഹോം ഡെലിവറി വഴി ലഭിക്കുന്ന സിമ്മുകള്‍ ഉപയോക്താക്കള്‍ സ്വയം കെവൈസി പൂര്‍ത്തിയാക്കുകയാണ് ചെയ്യുന്നത്. ഇതിലാണ് വകുപ്പ് ആശങ്ക അറിയിച്ചത്.

സിം ഡെലിവറിക്ക് മുമ്പ് ശരിയായ കെവൈസി പ്രാമാണീകരണത്തിന്റെ ആവശ്യകത വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഈ നിര്‍ദേശം എല്ലാ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കും ബാധകമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button