National

സേനയ്ക്ക് സല്യൂട്ട്; ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി

ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സേനകൾക്ക് സല്യൂട്ട് പറഞ്ഞ പ്രധാനമന്ത്രി സേനകളുടെ അസാമാന്യ ധൈര്യത്തെയും പ്രകടനത്തെയും പ്രശംസിച്ചു. ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായ എല്ലാവർക്കും അഭിവാദ്യമെന്നും മോദി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

പഹൽഗാം ഭീകരാക്രമണം തന്നെ വ്യക്തിപരമായി വേദനിപ്പിച്ചു. പുരുഷന്മാർ സ്വന്തം മക്കളുടെയും ഭാര്യമാരുടെയും മുന്നിൽ മരിച്ചുവീണു. ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടി. ഇന്ത്യയുടെ ശക്തി വെളിപ്പെടുത്തി. സേനകൾക്ക് പൂർണ്ണ സ്വാതന്ത്ര്യം തങ്ങൾ നൽകി. എല്ലാ ഭീകരരും സിന്ദൂർ എന്താണെന്ന് അറിഞ്ഞു. പാകിസ്താനിലെ തീവ്രവാദികളുടെ കേന്ദ്രങ്ങൾ തകർത്തു. തീവ്രവാദികളുടെ മണ്ണിലാണ് തങ്ങൾ മറുപടി നൽകിയത്. ഇന്ത്യയുടെ ഡ്രോണുകൾ ഭീകര കേന്ദ്രങ്ങൾ തകർത്തു. തീവ്രവാദികൾ ഒരിക്കലും പ്രതീക്ഷിക്കാത്ത അടിയാണ് നൽകിയത്. തീവ്രവാദികൾ നമ്മുടെ സഹോദരിമാരുടെ സിന്ദൂരമാണ് മായ്ച്ചുകളഞ്ഞത്. സേനകൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകി പ്രതികാരം തങ്ങൾ ചെയ്തുവെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.

100 തീവ്രവാദികളെയാണ് വകവരുത്തിയത്. ആഗോള തീവ്രവാദവുമായി ബന്ധമുള്ള കേന്ദ്രങ്ങളാണ് തകർത്തത്. പാകിസ്താൻ നമ്മുടെ സ്കൂളുകളും കോളജുകളും ആരാധനാലയങ്ങളും ലക്ഷ്യമിട്ടു. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം പാകിസ്താന്റെ ഡ്രോണുകളെ ആകാശത്തിൽ വച്ച് ഭസ്മം ആക്കി. കഴിഞ്ഞ ദിവസങ്ങളിൽ പാകിസ്താന്റെ ശരിക്കുമുള്ള മുഖം പുറത്തുവന്നു. പാകിസ്താന്റെ ഹൃദയത്തിൽ വരെ ഇന്ത്യ തിരിച്ചടിച്ചു. ഇരകളുടെ മതം തെരഞ്ഞാണ് ഭീകരർ ആക്രമിച്ചത്. മൂന്ന് സേനകളും ബിഎസ്എഫും സൈനിക വിഭാഗവും അതീവ ജാഗ്രതയിൽ തന്നെയാണ്. ഓപ്പറേഷൻ സിന്ദൂർ ഭാരതത്തിന്റെ നീതികൂടിയാണെന്നും ഭാരതത്തിന്റെ ഭീകരതക്കെതിരെയുള്ള നയമാണെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദികളെയും തീവ്രവാദികളെ പിന്തുണയ്ക്കുന്ന സർക്കാരിനെയും രണ്ടായി കാണില്ല. ന്യൂക്ലിയർ ഭീഷണി ഒന്നും തങ്ങൾ സഹിഷ്ണുതയോടെ കേട്ടിരിക്കില്ല. തീവ്രവാദത്തിനെതിരെ സീറോ ടോളറൻസ്. തീവ്രവാദവും ചർച്ചയും ഒരുമിച്ചു നടക്കില്ല, തീവ്രവാദവും വ്യാപാരവും ഒരുമിച്ചു നടക്കില്ല,രക്തവും ജലവും ഒരുമിച്ചു ഒഴുകില്ല. ഈ കാലഘട്ടം യുദ്ധത്തിന്റേതല്ല. ഭാരതം ശക്തമായി തുടരേണ്ടത് ഈ കാലഘട്ടത്തിൽ അനിവാര്യമാണ്. തിരിച്ചടിക്ക് പിന്നാലെ പാകിസ്താൻ ലോക രാജ്യങ്ങൾക്ക് മുന്നിൽ കരഞ്ഞു. സഹതാപം പിടിച്ച് പറ്റാൻ ശ്രമിച്ചവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button