National

കെജ്‌രിവാളിന്‍റെ ജാമ്യം; സിബിഐക്ക് വിമർശനം: രണ്ടംഗ ബെഞ്ചിൽ ഭിന്നത

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു ജാമ്യം അനുവദിച്ച സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചിൽ ഭിന്നത. ജസ്റ്റിസുമാരായ സൂര്യകാന്തും ഉജ്ജൽ ഭുയാനും പ്രത്യേകമെഴുതിയ ഉത്തരവുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. കേന്ദ്ര ഏജൻസിയുടെ നടപടിയിൽ നിയമവിരുദ്ധതയുണ്ടെന്ന നിലപാട് ഉത്തരവിലെവിടെയും സ്വീകരിച്ചിട്ടില്ല ജസ്റ്റിസ് സൂര്യകാന്ത്. എന്നാൽ, സിബിഐ അറസ്റ്റ് ചെയ്തതിനെയുൾപ്പെടെ രൂക്ഷമായി വിമർശിച്ച ജസ്റ്റിസ് ഭുയാൻ ജാമ്യ ഉപാധികളിലും വിയോജിച്ചു.

സിബിഐ പ്രധാന അന്വേഷണ ഏജൻസിയാണ്. അതങ്ങനെയായിരിക്കണം. അന്വേഷണത്തിൽ പക്ഷപാതമുണ്ടെന്നും അറസ്റ്റിൽ മുൻവിധിയുണ്ടെന്നുമുള്ള ധാരണ ഇല്ലാതാക്കാൻ എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ട്. സീസറുടെ ഭാര്യയെപ്പോലെ സംശയാതീതയായിരിക്കണം. സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് ഏറെ മുൻപല്ല കോടതി കുറ്റപ്പെടുത്തിയത്. ആ ധാരണ ഇല്ലാതാക്കേണ്ടതുണ്ട്”- ജസ്റ്റിസ് ഭുയാൻ പറഞ്ഞു.

2022 ഓഗസ്റ്റ് 17നാണ് സിബിഐ കെജ്‌രിവാളിനെതിരേ കേസ് രജിസ്റ്റർ ചെയ്തത്. 2023 മാർച്ച് 16ന് ചോദ്യം ചെയ്തു. എന്നാൽ, കഴിഞ്ഞ മാർച്ചിൽ ഇഡി അറസ്റ്റ് ചെയ്ത ശേഷം റിമാൻഡിലിരിക്കവെയാണ് മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്തത്. എന്തിനാണ് 22 മാസം കാത്തിരുന്നത്. സിബിഐ നടപടിയിൽ സംശയമുണ്ട്. ഇഡി കേസിൽ ജാമ്യം കിട്ടുമോ എന്ന സംശയമാണ് സിബിഐയുടെ നടപടിക്കു പ്രേരിപ്പിച്ചതെന്ന് സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ ആരെങ്കിലും കരുതിയാൽ തെറ്റില്ല. മുഖ്യമന്ത്രിയുടെ ഓഫിസിൽ കയറുന്നതടക്കം വിലക്കിയ ഇഡി കേസിലെ ഉപാധികളോട് തനിക്ക് ഗൗരവതരമായ വിയോജിപ്പുണ്ടെങ്കിലും ജുഡീഷ്യൽ മര്യാദയുടെ ഭാഗമായി അക്കാര്യം പറയുന്നില്ലെന്നും ജസ്റ്റിസ് ഭുയാൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button