National

തിരുപ്പതി ക്ഷേത്രത്തിന് നെയ്യ് നല്‍കിയെന്ന വ്യാജപ്രചാരണത്തിനെതിരെ പരാതി നൽകി അമുൽ; എഫ്ഐആർ ഇട്ട് പൊലീസ്

തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡു നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന നെയ്യ് അമുല്‍ കമ്പനി നല്‍കിയെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചാരണം. വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ അമുല്‍ കമ്പനി അഹമ്മദാബാദ് സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. തിരുപ്പതി ലഡു നിര്‍മ്മാണത്തിനായി അമുല്‍ നെയ്യ് നല്‍കിയെന്നായിരുന്നു തെറ്റായ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ കമ്പനി ഒരിക്കലും ക്ഷേത്രത്തിന് നെയ്യ് നല്‍കിയിട്ടില്ലെന്ന് അമുല്‍ വ്യക്തമാക്കി. കമ്പനിയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാനും മോശമായി ചിത്രീകരിക്കാനും ശ്രമിക്കുന്നതു കൊണ്ടാണ് എഫ് ഐ ആര്‍ ഫയല്‍ ചെയ്തതെന്ന് ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (ജിസിഎംഎംഎഫ്) മാനേജിംഗ് ഡയറക്ടര്‍ ജയന്‍ മേത്ത വ്യക്തമാക്കി.

ക്ഷേത്രത്തില്‍ പ്രസാദമായി നല്‍കുന്ന ലഡ്ഡുവില്‍ മൃഗക്കൊഴുപ്പിൻ്റെ സാന്നിധ്യത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടയിലാണ് കമ്പനിയുടെ ഈ നീക്കം.തിരുപ്പതി പ്രസാദം ഉണ്ടാക്കുന്ന നെയ്യ് അമുല്‍ കമ്പനി നല്‍കിയതാണെന്ന നിലയിൽ കമ്പനിയെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ചില വ്യക്തികള്‍ സമൂഹ മാധ്യമങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പോസ്റ്റ് ചെയ്തതായി പരാതിയില്‍ പറയുന്നു.

തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡൂകളില്‍ ഉപയോഗിക്കുന്ന നെയ്യ് മായം കലര്‍ന്നതാണെന്ന് ആരോപിച്ച് കുറച്ച് ദിവസങ്ങളായി പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. ചിലര്‍ നെയ്യ് വിതരണം ചെയ്തത് അമുലാണെന്ന് അവകാശപ്പെടുന്നു. അമുല്‍ ഒരിക്കലും തിരുപ്പതി ദേവസ്ഥാനത്തിന് നെയ്യ് നല്‍കിയിട്ടില്ല. 3.6 ദശലക്ഷം കാര്‍ഷിക കുടുംബങ്ങള്‍ അമുല്‍ കമ്പനിയുമായി ബന്ധപ്പെട്ട് ജീവിക്കുന്നുണ്ട്. ഇത്തരത്തിലുള്ള തെറ്റായ പ്രചാരണങ്ങള്‍ അവരുടെകൂടി ജീവിതത്തെ ദോഷകരമായി ബാധിക്കും. അതുകൊണ്ടാണ് നിയമനടപടികളിലേക്ക് നീങ്ങിയത്. അമുല്‍ തിരുപ്പതി ദേവസത്തന് നെയ്യ് നല്‍കിയിട്ടില്ലെന്നും വര്‍ഷങ്ങളായി പ്രീമിയം നെയ്യാണ് വിതരണം ചെയ്യുന്നതെന്നും ജയന്‍ മേത്ത കൂട്ടിച്ചേര്‍ത്തു. തിരുപ്പതി ലഡ്ഡൂ വിവാദത്തില്‍ കമ്പനിക്ക് പങ്കില്ലെന്നും വിഷയവുമായി ബന്ധപ്പെട്ട് ഉല്‍പ്പന്നങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കി അമുല്‍ ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പരസ്യമായ വിശദീകരണം നല്‍കിയിരുന്നു.

ജഗന്‍ മോഹന്‍ റെഡ്ഡിയുടെ കീഴിലുള്ള മുന്‍ വൈഎസ്ആര്‍സിപി സര്‍ക്കാര്‍ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തെപ്പോലും വെറുതെ വിട്ടില്ലെന്നും ലഡ്ഡൂ നിര്‍മ്മാണത്തിന് നിലവാരമില്ലാത്ത ചേരുവകളും മൃഗക്കൊഴുപ്പും ഉപയോഗിച്ചുവെന്നും ചന്ദ്രബാബു നായിഡു ആരോപിച്ചതിനെ തുടര്‍ന്ന് വലിയ വിവാദം കത്തിപ്പടര്‍ന്നിരുന്നു. പ്രസാദം ലാബ് ടെസ്റ്റ് നടത്തിയ റിപ്പോര്‍ട്ടിൽ ലഡ്ഡൂവില്‍ മൃഗക്കൊഴുപ്പുണ്ടെന്ന് സ്ഥിരീകരിച്ചതായി ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button