Gulf

മകന്‍ ജയില്‍ മോചിതനാവണമെന്നാണ് തന്റെ ആഗ്രഹമെന്ന് റഹീമിന്റെ ഉമ്മ ഫാത്തിമ

റിയാദ്: തനിക്ക് വേണ്ടത് മകന്‍ ജയിലില്‍നിന്നും പുറത്തെത്തുക മാത്രമാണെന്ന് റഹീമിന്റെ ഉമ്മ ഫാത്തിമ. സഊദി തലസ്ഥാനമായ റിയാദില്‍ ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഫാത്തിമ തന്റെ ആഗ്രഹം മാധ്യമപ്രവര്‍ത്തകരോട് പങ്കുവെച്ചത്. റഹീം നിയമ സഹായ സമിതിയുമായി തനിക്കും കുടുംബത്തിനുമുണ്ടായ ചില വിയോജിപ്പുകള്‍ തെറ്റിദ്ധാരണമൂലമായിരുന്നെന്നും അത് മാറിയെന്നും തങ്ങള്‍ അതില്‍ ക്ഷമ ചോദിക്കുന്നതായും ഫാത്തിമ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മകന്‍ എത്രയും പെട്ടെന്ന് ജയില്‍ മോചിതനായി നാട്ടിലേക്ക് എത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അതിനായി ഏതു നേരവും പ്രാര്‍ഥിക്കുന്നതായും അവര്‍ പറഞ്ഞു. സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട് 2006 ഡിസംബറിലാണ് കോഴിക്കോട് കോടമ്പുഴ സ്വദേശിയായ അബ്ദുല്‍റഹീം ജയിലിലാവുന്നത്. കഴിഞ്ഞ 18 വര്‍ഷമായി റഹീമിന്റെ മോചനത്തിനായി റഹീം നിയമ സഹായ സമിതിയുടെ നേതൃത്വത്തില്‍ പരിശ്രമങ്ങള്‍ നടന്നു വരികയാണ്. മരിച്ച സഊദി ബാലന്റെ കുടുംബം ചോരപ്പണം സ്വീകരിക്കാന്‍ തയാറായതോടെയാണ് റഹീമിന്റെ വധശിക്ഷ ഒഴിവായതും ജയില്‍ മോചനത്തിലേക്ക് കാര്യങ്ങളെത്തിയതും.

റിയാദില്‍ എത്തിയ ശേഷം ഉടന്‍ ഫാത്തിമ ജയിലില്‍ ചെന്നെങ്കിലും തനിക്ക് ആരേയും കാണേണ്ടെന്ന് റഹീം നേരത്തെ നിലപാടെടുത്തത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയരുന്നു. മകനെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കയാണെന്നും ഫാത്തിമ പറഞ്ഞിരുന്നു. പിന്നീട് ഇന്ത്യന്‍ എംബസിയുടെയും അറ്റോര്‍ണി സിദ്ദീഖ് തുവ്വൂരിന്റെയും പരിശ്രമങ്ങളായിരുന്നു രണ്ടു പതിറ്റാണ്ടോളം ദീര്‍ഘിച്ച വിരഹത്തിനൊടുവില്‍ ഉമ്മയും മകനും ജയിലില്‍ പരസ്പരം കാണുന്നതിലേക്ക് നയിച്ചത്.

റിയാദില്‍ എത്തിയ ശേഷം റഹീം നിയമ സഹായ സമിതിയെ ഒരിക്കല്‍ മാത്രമാണ് ബന്ധപ്പെട്ടതെന്നും ചെയര്‍മാന്‍ സി പി മുസ്തഫയെ വിളിച്ചെങ്കിലും കിട്ടിയില്ലെന്നും പിന്നീട് കോണ്‍ടാക്ട് ചെയ്യാന്‍ ശ്രമിച്ചിരുന്നില്ലെന്നും ഫാത്തിമക്കൊപ്പമുണ്ടായിരുന്ന റഹീമിന്റെ സഹോദരന്‍ പറഞ്ഞു. കഴിഞ്ഞ 15 ദിവസമായി റഹീമിന്റെ ഉമ്മ സഊദിയിലുണ്ട്. നിയമ സഹായ സമിതി ഇന്നലെ സംഘടിപ്പിച്ച പരിപാടിയിലും അവര്‍ പങ്കെടുത്തിരുന്നു.

The post മകന്‍ ജയില്‍ മോചിതനാവണമെന്നാണ് തന്റെ ആഗ്രഹമെന്ന് റഹീമിന്റെ ഉമ്മ ഫാത്തിമ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button