National

ഈച്ചകള്‍ സംഘടിച്ചെത്തിയാലും കൊലപാതകം തെളിയും; കഥയല്ല, മധ്യപ്രദേശ് പൊലിസ് കൊലക്കേസ് പ്രതിയെ ഒടുവില്‍ പിടികൂടിയത് അങ്ങനെയാണ്

ഭോപ്പാല്‍: ചില കേസുകളുടെ നാള്‍വഴികള്‍ ഏറെ വിചിത്രമായിരിക്കും. പ്രത്യേകിച്ചും കൊലപാതകം പോലെയുള്ള ഗൗരവമായ കേസുകളില്‍. അത് തെളിയുന്നതിലേക്കു നയിക്കുക ചിലപ്പോഴെങ്കിലും വിചിത്രമായ ചില കാര്യങ്ങളോ, തെളിവുകളോ ഒക്കെയാവും. അത്തരം ഒരു കഥയാണ് മധ്യപ്രദേശ് പൊലിസിന് വിശദീകരിക്കാനുളളത്. കൊലക്കേസ് തെളിയിക്കാന്‍ സഹായിച്ചതും കൊലപാതകി ആരാണെന്നും കാണിച്ചുകൊടുത്തതും ഈച്ചകളാണെന്ന് അറിയുമ്പോള്‍ നാം അത്ഭുതപ്പെടുകയോ, ചുണ്ടില്‍ പുച്ഛം നിറയുകയോ ചെയ്‌തേക്കാം. പക്ഷേ സംഗതി സത്യമാണ്.

ഒക്ടോബര്‍ 31 -ന് രാവിലെ മദ്ധ്യപ്രദേശിലെ ജബല്‍പൂരിലെ വയലില്‍ ഒരു മൃതദേഹം കണ്ടെത്തി. വിശദമായ പരിശോധനയില്‍ അത് ഒരു ദിവസം മുന്‍പ് കാണാതായതായി പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മനോജ് താക്കൂര്‍ എന്ന 26 വയസുള്ള യുവാവിന്റേതാണെന്ന് തിരിച്ചറിഞ്ഞു. ഇദ്ദേഹത്തെ അവസാനമായി കാണുന്നത് ഒരു വയലില്‍ ഇരുന്ന് മദ്യപിക്കുന്നതാണ്. കൂടെ അദ്ദേഹത്തിന്റെ അനന്തരവന്‍ ധരം സിംഗുമുണ്ടായിരുന്നെന്ന് നാട്ടുകാരുടെ മൊഴി. ഇതേ തുടര്‍ന്ന് പോലീസ് അയാളെ വിശദമായി ചോദ്യം ചെയ്തു.

അയാളുടെ സംസാരത്തിലോ, പെരുമാറ്റത്തിലോ സംശയിക്കേണ്ടതായി ഒന്നും കണ്ടെത്താന്‍ പോലീസിന് സാധിച്ചില്ല. കേസില്‍ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്ത് മൊഴി എടുത്തിരുന്നു. എന്നാല്‍ ഒരു തുമ്പും കണ്ടെത്താന്‍ കഴിഞ്ഞില്ല. അങ്ങനെ ഒരിക്കല്‍ കൂടി അനന്തരവനെ ചോദ്യംചെയ്യാന്‍ പോലീസ് വിളിച്ചുവരുത്തി.
ചോദ്യം ചെയ്യുന്നതിനിടയില്‍ അയാളിലേക്ക് ഈച്ചകള്‍ വല്ലാതെ എത്തുന്നതായി പോലീസ് ശ്രദ്ധിച്ചു.

ഈച്ചകളെ അകറ്റാന്‍ അയാള്‍ ചോദ്യം ചെയ്യലില്‍ ഉടനീളം പാടുപെടുന്നുണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഒരു പോലീസ് ഉദ്യോഗസ്ഥന്‍ സംശയം തോന്നി. ഒടുവില്‍, ഷര്‍ട്ട് അഴിച്ച് പോലീസിന് കൈമാറാന്‍ ധരമിനോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് അത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ഫൊറന്‍സിക് പരിശോധനയില്‍ ഷര്‍ട്ടില്‍ മനുഷ്യരക്തം കണ്ടെത്തി. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്തവിധം പറ്റിപ്പിടിച്ചിരിക്കുന്ന രക്തമായിരുന്നു അത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ 19കാരന്‍ കുറ്റം സമ്മതിച്ചു. അന്നേദിവസം മദ്യപിക്കുന്നതിനിടയില്‍ മദ്യത്തിനും ഭക്ഷണത്തിനും താന്‍ ന്യായമായി വിഹിതം നല്‍കിയില്ല എന്ന് പറഞ്ഞ് മനോജ് തന്നെ ശകാരിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. അതില്‍ ദേഷ്യം കയറി താന്‍ അയാളെ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് പ്രതി സമ്മതിച്ചു. ഈച്ച വിചാരിച്ചാലും കൊലപാതകം തെളിയുമെന്ന് മധ്യപ്രദേശ പൊലിസ് പറയുന്നതില്‍ കഴമ്പുണ്ട്.

The post ഈച്ചകള്‍ സംഘടിച്ചെത്തിയാലും കൊലപാതകം തെളിയും; കഥയല്ല, മധ്യപ്രദേശ് പൊലിസ് കൊലക്കേസ് പ്രതിയെ ഒടുവില്‍ പിടികൂടിയത് അങ്ങനെയാണ് appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button