National

എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ പണിയുറപ്പ്; റിവാര്‍ഡ് മോഹിച്ച് തലവച്ചാല്‍ കാശ് പോയ വഴികാണില്ല

മുംബൈ: എസ്ബിഐ അക്കൗണ്ട് ഉടമകളെ ലക്ഷ്യമിട്ട് വന്‍ തട്ടിപ്പ് അരങ്ങേറുന്നതായി റിപ്പോര്‍ട്ട്. അക്കൗണ്ടോ, ക്രെഡിറ്റ് കാര്‍ഡുകളോയുള്ള ഉപഭോക്താക്കളെയാണ് തട്ടിപ്പ് സംഘങ്ങള്‍ ലക്ഷ്യമിടുന്നത്. റിവാര്‍ഡ് പോയിന്റുകളുടെ പേരിലാണ് തട്ടിപ്പ്. റിവാര്‍ഡ് പോയിന്റ് ലഭിച്ചിട്ടുണ്ടെന്നും ഇന്ന് തന്നെ ഉപയോഗിക്കണം എന്ന് എസ്എംഎസ് എത്തുന്നതോടെ തട്ടിപ്പിന് കളമൊരുങ്ങും.

അക്കൗണ്ട് ഉടമയായ നിങ്ങള്‍ക്ക് 5,000 രൂപയോ, അതില്‍ കൂടുതലോ മൂല്യമുള്ള റിവാര്‍ഡ് പോയിന്റുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ കാലാവധി ഇന്ന് അവസാനിക്കുമെന്നും അവ ഉപയോഗിക്കാന്‍ സന്ദേശത്തിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നുമായിരിക്കും തട്ടിപ്പുകാര്‍ അയയ്ക്കുന്ന മെസേജിന്റെ ഉള്ളടക്കം. ഇവര്‍ അയക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ എട്ടിന്റെ പണി തീര്‍ച്ചയാണ്. ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ അക്കൗണ്ട് നമ്പര്‍, മൊബൈല്‍ നമ്പര്‍, പാസ്‌വേര്‍ഡ് എന്നിവയ്‌ക്കൊപ്പം നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൂരിപ്പിക്കാന്‍ ഉപഭോക്താവിനോട് ആവശ്യപ്പെടും. ഇതെല്ലാം വൃത്തിയായി ചെയ്തു നല്‍കിയാല്‍ തട്ടിപ്പുകാരിലേക്കാവും എത്തുകയെന്ന് ഓര്‍ക്കുക.

പുരിപ്പിച്ച് സബ്മിറ്റ് ചെയ്യുന്ന മുറക്കുതന്നെ നിങ്ങളുടെ അക്കൗണ്ടിലെ മുഴുവന്‍ പണവും തട്ടിപ്പുകാരിലേക്ക് ഞൊടിയിടയില്‍ എത്തും. ഉത്സവ സീസണില്‍ നിറയെ റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കുന്നതിനാല്‍ അതിലേതെങ്കിലും ആയിരിക്കുമെന്ന് കരുതിയാണ് ഉപഭോക്താക്കള്‍ ഈ തട്ടിപ്പിന് തലവച്ച് പോകുന്നത്. ഓണ്‍ലൈന്‍ ബാങ്കിംഗ് വഴി മാത്രമേ എസ്ബിഐ റിവാര്‍ഡ് പോയിന്റുകള്‍ ഉപയോഗിക്കാനാകൂ. ഇതിനായി ഒരു ലിങ്കിലും ക്ലിക്ക് ചെയ്യേണ്ടതില്ല. സമാനമായ സന്ദേശങ്ങള്‍ റിവാര്‍ഡുമായി ബന്ധപ്പെട്ട എസ്ബിഐ നല്‍കാറുണ്ടെങ്കിലും ഒരിക്കലും ഇത്തരം സന്ദേശങ്ങളോടൊപ്പം ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് നല്‍കാറില്ലെന്നത് ഉപഭോക്താക്കള്‍ പ്രത്യേകം ഓര്‍ക്കുക. അഥവാ അറിയാതെ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പോയിട്ടുണ്ടെങ്കില്‍ ഉടനെ ഡിലീറ്റ് ചെയ്യുകയോ ഫോണ്‍ തന്നെ ഫോര്‍മാറ്റ് ചെയ്യുന്നതോ ആവും അഭികാമ്യം. ഒപ്പം സൈബര്‍വിങ്ങില്‍ പരാതിപ്പെടാനും മടിക്കരുത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button