National

ഒരു കാരണവശാലും പാകിസ്താനിലേക്കില്ലെന്ന് ബിസിസിഐ; ഹൈബ്രിഡ് മോഡലിനോട് മുഖം തിരിച്ച് പിസിബി

2025 ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ പങ്കെടുക്കുമോ ഇല്ലയോ എന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു. പാകിസ്താനാണ് ചാമ്പ്യൻസ് ട്രോഫിയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. ചാമ്പ്യൻസ് ട്രോഫിയ്ക്കായി ഒരു കാരണവശാലും പാകിസ്താനിലേക്കില്ല എന്ന് ബിസിസിഐ ഐസിസിയെ അറിയിച്ചുകഴിഞ്ഞു. നേരത്തെ, ഹൈബ്രിഡ് മോഡലിനോട് അനുകൂലനിലപാട് സ്വീകരിച്ചു എന്ന നിലയിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പിസിബി തള്ളി. ഇതോടെ ടൂർണമെൻ്റിൽ ഇന്ത്യയുടെ പങ്കാളിത്തം അനിശ്ചിതത്വത്തിലായി.

എന്ത് സാഹചര്യമുണ്ടായാലും ഇന്ത്യൻ ടീം പാകിസ്താനിലേക്ക് പോവില്ലെന്ന ശക്തമായ നിലപാടിലാണ് ബിസിസിഐ. കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചക്കൊടുവിലാണ് ബിസിസിഐ ഇക്കാര്യം തീരുമാനിച്ചത്. താരങ്ങളുടെയും സപ്പോർട്ട് സ്റ്റാഫിൻ്റെയും സുരക്ഷ പ്രധാനമാണെന്നാണ് ഇന്ത്യയുടെ നിലപാട്. തങ്ങളുടെ തീരുമാനം ബിസിസിഐ ഐസിസിയെ അറിയിച്ചുകഴിഞ്ഞു. അതുകൊണ്ട് തന്നെ ഇനി ഇക്കാര്യത്തിൽ പാകിസ്താൻ്റെ നിലപാടാണ് പ്രധാനം. എന്നാൽ, പാകിസ്താൻ്റെ നിലപാട് കാര്യങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നതാണ്.

ഹൈബ്രിഡ് മോഡലിനോട് പിസിബി അനുകൂലനിലപാട് സ്വീകരിച്ചെന്ന വാർത്തകൾ ചെയർമാൻ മൊഹ്സിൻ നഖ്‌വി തള്ളി. അത്തരത്തിൽ ഒരു ചർച്ചകളും നടന്നിട്ടില്ല. ബിസിസിഐയുമായി ചർച്ചകൾ നടന്നിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ബിസിസിഐയുടെ നിലപാട് എഴുതിനൽകണമെന്ന് നഖ്‌വി ആവശ്യപ്പെട്ടിരുന്നു. അങ്ങനെയെങ്കിലേ സർക്കാരുമായി കൂടിയാലോചന നടത്താനാവൂ. ഇന്ത്യൻ മാധ്യമങ്ങൾ ഓരോന്ന് റിപ്പോർട്ട് ചെയ്യുകയാണ്. എന്നാൽ, ഔദ്യോഗികമായി ഇത്തരത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ല. ഹൈബ്രിഡ് മോഡൽ സ്വീകരിക്കാൻ തയ്യാറുമല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഹൈബ്രിഡ് മോഡൽ തന്നെയാണ് ഐസിസി ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പാകിസ്താനോട് അടുത്ത രാജ്യമായ യുഎഇയാണ് ഹൈബ്രിഡ് മോഡലിനുള്ള നിക്ഷ്പക്ഷ വേദിയാവാൻ സാധ്യത കൂടുതൽ. ശ്രീലങ്കയെയും പരിഗണിക്കുന്നുണ്ട്.

2025 ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെയാണ് ചാമ്പ്യൻസ് ട്രോഫി തീരുമാനിച്ചിരിക്കുന്നത്. ആകെ എട്ട് ടീമുകൾ ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കും. രണ്ട് ഗ്രൂപ്പുകളാവും ഉണ്ടാവുക. രണ്ട് ഗ്രൂപ്പുകളിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്നവർ സെമി കളിക്കും. അഫ്ഗാനിസ്ഥാൻ, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, പാകിസ്താൻ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് ടൂർണമെൻ്റിൽ കളിക്കുക. ഇന്ത്യ കളിച്ചില്ലെങ്കിൽ പകരം ശ്രീലങ്കയാവും ടൂർണമെൻ്റിൽ കളിക്കുക.

രാഷ്ട്രീയപരമായ കാരണങ്ങൾ മുൻനിർത്തി 2008 ഏഷ്യാ കപ്പിന് ശേഷം ഇന്ത്യ പാകിസ്താനിലേക്ക് പോയിട്ടില്ല. എന്നാൽ, 2023 ലോകകപ്പ് ഉൾപ്പെടെ പാകിസ്താൻ ഇന്ത്യയിൽ കളിച്ചിട്ടുണ്ട്.

The post ഒരു കാരണവശാലും പാകിസ്താനിലേക്കില്ലെന്ന് ബിസിസിഐ; ഹൈബ്രിഡ് മോഡലിനോട് മുഖം തിരിച്ച് പിസിബി appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button