Sports

ആദ്യം ലീഡ്; പിന്നാലെ തകര്‍ച്ച, ഒടുവില്‍ സമനില: മധ്യപ്രദേശിനെതിരെ തോല്‍ക്കാതെ പിടിച്ചുനിന്ന് കേരളം

രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരായ കേരളത്തിന്റെ മത്സരം സമനിലയില്‍ കലാശിച്ചു. ഒരു ഘട്ടത്തില്‍ തോല്‍വി അഭിമുഖീകരിച്ച കേരളത്തിന് ആദിത്യ സര്‍വതെയുടെയും, മുഹമ്മദ് അസ്ഹറുദ്ദീന്റെയും, അര്‍ധ സെഞ്ചുറികളും, എട്ടാം വിക്കറ്റില്‍ ബാബ അപരാജിതും, എം.ഡി. നിധീഷും നടത്തിയ ചെറുത്തുനില്‍പുമാണ് സമനില സമ്മാനിച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ ലീഡ് നേടിയ മത്സരമാണ് കേരളം കൈവിട്ടത്. എങ്കിലും സമനില നേടിയതില്‍ ആശ്വസിക്കാം. 363 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗിന് ഇറങ്ങിയ കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 28 റണ്‍സെടുക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി. 24 റണ്‍സെടുത്ത ഓപ്പണര്‍ അക്ഷയ് ചന്ദ്രനെ കുമാര്‍ കാര്‍ത്തികേയ ക്ലീന്‍ ബൗള്‍ഡ്‌ ചെയ്യുകയായിരുന്നു. തൊട്ടുപിന്നാലെ 11 പന്തില്‍ ഒരു റണ്‍സെടുത്ത ഷോണ്‍ റോജറിന്റെ വിക്കറ്റ് നേടി കുല്‍ദീപ് യാദവ് കേരളത്തിന് അടുത്ത പ്രഹരം നല്‍കി. ഹിമാന്‍ശു മന്ത്രി ക്യാച്ചെടുത്താണ് റോജര്‍ പുറത്തായത്.

അധികം വൈകാതെ തന്നെ എട്ട് റണ്‍സ് മാത്രമെടുത്ത ഓപ്പണര്‍ രോഹന്‍ കുന്നുമ്മലും പുറത്തായി. ആര്യന്‍ പാണ്ഡെ രോഹനെ എല്‍ബിഡബ്ല്യുവില്‍ കുരുക്കുകയായിരുന്നു. കുല്‍ദീപ് സെന്നിന് വിക്കറ്റ് സമ്മാനിച്ച് ക്യാപ്റ്റന്‍ സച്ചിന്‍ ബേബി കൂടി മടങ്ങിയതോടെ കേരളം അക്ഷരാര്‍ത്ഥത്തില്‍ പ്രതിരോധത്തിലായി. 14 പന്തില്‍ മൂന്ന് റണ്‍സായിരുന്നു സച്ചിന്റെ സംഭാവന. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലുള്ള സല്‍മാന്‍ നിസാറും നിരാശപ്പെടുത്തി. 37 പന്തില്‍ അഞ്ച് റണ്‍സെടുത്ത നിസാറിന്റെ വിക്കറ്റ് കാര്‍ത്തികേയയാണ് സ്വന്തമാക്കിയത്.

അഞ്ച് വിക്കറ്റ് 47 എന്ന നിലയില്‍ പതറിയ കേരളത്തിനായി, ആറാം വിക്കറ്റില്‍ മുഹമ്മദ് അസ്ഹറുദ്ദീനും, ജലജ് സക്‌സേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. സ്‌കോര്‍ബോര്‍ഡില്‍ 121ല്‍ എത്തിനില്‍ക്കെ സക്‌സേനയെ പുറത്താക്കി സരന്‍ഷ് ജയിന്‍ ആ കൂട്ടുക്കെട്ട് പൊളിച്ചു. 67 പന്തില്‍ 32 റണ്‍സാണ് സക്‌സേന നേടിയത്. ഏഴാം വിക്കറ്റില്‍ ആദിത്യ സര്‍വതെയും, അസ്ഹറുദ്ദീനും ചേര്‍ന്ന് കരുതലോടെ സ്‌കോര്‍ബോര്‍ഡ് മുന്നോട്ട് ചലിപ്പിച്ചു. 90 റണ്‍സാണ് ഏഴാം വിക്കറ്റ് കൂട്ടുക്കെട്ടില്‍ ഇരുവരും പടുത്തുയര്‍ത്തിയത്.

164 പന്തില്‍ 68 റണ്‍സെടുത്ത അസ്ഹറുദ്ദീനെ കുല്‍ദീപ് സെന്നാണ് പുറത്താക്കിയത്. കേരളത്തിന്റെ ടോപ് സ്‌കോററായ സര്‍വതെ(130 പന്തില്‍ 80)യുടെ വിക്കറ്റ് കുമാര്‍ കാര്‍ത്തികേയയും സ്വന്തമാക്കി. കാര്‍ത്തികേയയുടെ പന്തില്‍ രജത് പടിദാര്‍ ക്യാച്ചെടുത്താണ് സര്‍വതെ പുറത്തായത്. എട്ട് വിക്കറ്റിന് 248 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ കേരളത്തിന് ഒടുവില്‍ ബാബ അപരാജിതും (പുറത്താകാതെ 70 പന്തില്‍ 26), എം.ഡി നിധീഷും (പുറത്താകാതെ 35 പന്തില്‍ നാല്) നടത്തിയ ചെറുത്തുനില്‍പിലൂടെ സമനില ലഭിക്കുകയായിരുന്നു.

നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ കേരളം ലീഡ് സ്വന്തമാക്കിയിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 160 റണ്‍സാണ് മധ്യപ്രദേശ് നേടിയത്. അഞ്ച് വിക്കറ്റെടുത്ത എം.ഡി. നിധീഷ് അടക്കമുള്ള ബൗളര്‍മാരുടെ പ്രകടനമാണ് ആദ്യ ഇന്നിംഗ്‌സില്‍ മധ്യപ്രദേശിനെ വിറപ്പിച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ കേരളം 167 റണ്‍സിന് പുറത്തായി. ഏഴ് റണ്‍സിന്റെ ലീഡും സ്വന്തമാക്കി.

രണ്ടാം ഇന്നിംഗ്‌സില്‍ മധ്യപ്രദേശ് ബാറ്റര്‍മാര്‍ ഫോം വീണ്ടെടുത്തു. രജത് പടിദാര്‍ (92), വെങ്കടേഷ് അയ്യര്‍ (പുറത്താകാതെ 80), ശുഭം ശര്‍മ (54) എന്നിവരുടെ ബാറ്റിംഗ് മികവില്‍ മധ്യപ്രദേശ് രണ്ടാം ഇന്നിംഗ്‌സില്‍ എട്ട് വിക്കറ്റിന് 369 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. രണ്ടാം ഇന്നിംഗ്‌സില്‍ കേരളത്തിന് വേണ്ടി എന്‍. ബേസില്‍ നാലു വിക്കറ്റ് വീഴ്ത്തി. 363 റണ്‍സ് വിജയലക്ഷ്യം പിന്തുടരാമെന്ന കേരളത്തിന്റെ പ്രതീക്ഷകള്‍, മധ്യപ്രദേശ് ബൗളര്‍മാരുടെ ബൗളിംഗ് മികവിന് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു.

The post ആദ്യം ലീഡ്; പിന്നാലെ തകര്‍ച്ച, ഒടുവില്‍ സമനില: മധ്യപ്രദേശിനെതിരെ തോല്‍ക്കാതെ പിടിച്ചുനിന്ന് കേരളം appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button