Sports

തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ബാറ്റിംഗ് നിര; ഇംഗ്ലണ്ടിനോട് ദയനീയ പരാജയം

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 ക്രിക്കറ്റില്‍ ഇന്ത്യക്ക് പരാജയം. ഇംഗ്ലണ്ട ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് സാധിച്ചില്ല. വരുൺ ചക്രവർത്തിയുടെ അഞ്ച് വിക്കറ്റ് നേട്ടമുണ്ടായിട്ടും ഇന്ത്യക്ക് ഗുണം ചെയ്തില്ല. ബോളർമാർ  ഒരുക്കിയ വിജയ വഴിയിൽ ബാറ്റർമാർ എത്തിയില്ലെന്ന് പറയാം.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 171 റണ്‍സ് എടുത്തത്. ഓപ്പണര്‍ ബെന്‍ ഡക്കറ്റിന്റെ 51 റണ്‍സിന്റെ മികച്ച ബാറ്റിംഗും ലിയാം ലിവിംഗ് സ്റ്റോണിന്റെ 54 പന്തിലെ 43 റണ്‍സുമാണ് മികച്ച സ്‌കോറിലേക്ക് ഇംഗ്ലണ്ടിനെ എത്തിച്ചത്.

ഇന്ത്യന്‍ സ്പിന്നര്‍മാരുടെ മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 171ല്‍ പിടിച്ചുകെട്ടാന്‍ സാധിച്ചത്. വരുണ്‍ ചക്രവര്‍ത്തിയുടെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഇന്ത്യന്‍ ബോളിംഗിലെ മികച്ച പ്രകടനം. നാല് ഓവറില്‍ 24 റണ്‍സ് മാത്രമാണ് വരുണ്‍ വിട്ടുകൊടുത്തത്. എന്നാല്‍, ഫാസ്റ്റ് ബോളര്‍മാര്‍ റണ്‍സ് വാരിക്കോരി കൊടുത്തു. മൂന്ന് ഓവറില്‍ വിക്കറ്റൊന്നും ലഭിക്കാതെ മുഹമ്മദ് ഷമി 25 റണ്‍സ് വിട്ടുകൊടുത്തു. ഹാര്‍ദിക് പാണ്ഡ്യ നാല് ഓവറില്‍ 33 റണ്‍സും കൊടുത്തു. നാല് ഓവറില്‍ 46 റണ്‍സ് വിട്ടുകൊടുത്ത രവി ബിഷ്‌ണോയിയായാണ് ഈ പട്ടികയില്‍ വില്ലനായത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ തുടക്കം തന്നെ പാളിയ കളിയാണ് കളിച്ചത്. പതിവ് പോലെ ആര്‍ച്ചറിന്റെ പന്തില്‍ മൂന്ന് റണ്‍സിന് സഞ്ജു സാംസണ്‍ പുറത്തായതിന് പിന്നാലെ അഭിഷേക് ശര്‍മയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പുറത്തായി. പിന്നീട് ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. എന്നാല്‍ മികച്ചൊരു പാര്‍ട്ടണറെ കിട്ടാതെ ഹാര്‍ദിക് വലഞ്ഞു. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ തിലക് വര്‍മ 18 റണ്‍സില്‍ ആദില്‍ റാഷിദിന്റെ മാസ്മരിക സ്പിന്നില്‍ ബൗള്‍ഡായതും ഇന്ത്യക്ക് തിരിച്ചടിയായി.

ഹാര്‍ദിക്കിന് മികച്ച പിന്തുണ നല്‍കിയ അക്‌സര്‍ പട്ടേല്‍ 15 റണ്‍സിന് പുറത്തായതോടെ ഇന്ത്യന്‍ മുന്നേറ്റത്തിന് വലിയ വിഘാതമുണ്ടായി.

പിന്നീട് 40 റണ്‍സുള്ളപ്പോള്‍ സിക്‌സിലേക്ക് പറത്തിയ പന്ത് ബൗണ്ടറി ലൈനില്‍ നിന്ന് ജാമി ഓവര്‍ടോണ്‍ പിടിച്ചതോടെ ഹാര്‍ദിക് പുറത്തായി. ഇതോടെ ഇന്ത്യന്‍ പ്രതീക്ഷ പൂര്‍ണമായും മങ്ങി. ഇന്ത്യൻ ബാറ്റിംഗ് 20 ഓവറിൽ ഒന്പത് വിക്കറ്റ് നഷ്ടത്തിൽ 145ൽ അവസാനിച്ചു.

The post തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ബാറ്റിംഗ് നിര; ഇംഗ്ലണ്ടിനോട് ദയനീയ പരാജയം appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button